വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കുമെന്ന് ജ്യോതിക, കയ്യടിച്ച് സൂര്യ

ജയ് ഭീം എന്ന ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടി ജ്യോതിക. മികച്ച തമിഴ്ചിത്രത്തിനുള്ള പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ചെഴുതിയ ചിത്രമാണ് ജയ്ഭീം. ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ജ്യോതിക പറഞ്ഞു.
"ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം. ദീപാവലി ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു ഉത്സവ ദിവസം ജയ് ഭീം പോലെ ഒരു സീരിയസ് സിനിമ കാണാൻ പ്രേക്ഷകർ തയാറാകുമോ എന്ന കാര്യത്തിൽ നിർമാതാക്കൾ ആയ ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു. പക്ഷേ ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു. അവർ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു." ജ്യോതിക പറഞ്ഞു.
"എല്ലാവരും ആരാധിക്കുന്ന ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു പൊതുവെയുള്ള ധാരണ. പക്ഷേ നമ്മുടെ സംവിധായകൻ ജ്ഞാനവേൽ ആ ചട്ടമെല്ലാം കാറ്റിൽ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയോട് 'നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം' എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഹീറോയിസം."
സ്‌ക്രിപ്റ്റിൽ ഉള്ളതുപോലെ പോലെ തന്നെ ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് താൻ കണ്ട മറ്റൊരു ഹീറോയിസമെന്ന് അവർ ചൂണ്ടിക്കാട്ടി. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തനിക്ക് പറയാനുള്ളത്. ജനപ്രീതിയുള്ള ഒരു നായകനെ തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ ആകെ പൊളിച്ചെഴുതിയ സംവിധായകൻ ജ്ഞാനവേലിനോട് ഒരുപാട് നന്ദിയുണ്ട്. വജ്രം എന്നത് എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചുവെന്നും ജ്യോതിക പറഞ്ഞു.
Content Highlights: jyothika about jai bhim and crew, jyothika recieved film fare award for jai bhim movie