'പരിപാടി'യിലെ നൂറോളം കഥാപാത്രങ്ങളെ പരിചയപ്പെടുത്തും; ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

#മൂവീസ് ഡെസ്‌ക്
'പരിപാടി' പോസ്റ്റർ
'പരിപാടി' പോസ്റ്റർ

ജോജു ജോർജ് രചനയും സംവിധാനവും നിർവഹിച്ച് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പരിപാടി'യിലെ നൂറോളം കഥാപാത്രങ്ങളെയും ഓരോന്നായി പ്രേക്ഷകർക്ക് പരിചയപ്പെടുത്താനൊരുങ്ങി അണിയറ പ്രവർത്തകർ. ഇതിന്റെ ഭാഗമായി ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അജയൻ അടാട്ട് അവതരിപ്പിക്കുന്ന സുകു എന്ന കഥാപാത്രത്തെയാണ് ആദ്യമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്. ഡിസംബറിൽ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിലെ നൂറോളം പുതുമുഖങ്ങളും നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലന പരിപാടിക്ക് ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സംഭാഷണങ്ങളുള്ള കഥാപാത്രങ്ങളായാണ് ഓരോരുത്തരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്രയും വലിയൊരു പുതുമുഖ നിരയെ അണിനിരത്തി ഒരുങ്ങുന്ന സിനിമയിൽ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടമുണ്ടെന്ന സൂചനയാണ് ക്യാരക്ടർ പോസ്റ്ററുകളിലൂടെ അണിയറപ്രവർത്തകർ നൽകുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റമായ 'പണി'ക്ക് ശേഷം എത്തുന്ന രണ്ടാമത്തെ സംവിധാന സംരംഭമാണ് 'പരിപാടി'. 'പണി'യുടെ അതേ സ്വഭാവത്തിലുള്ള സിനിമയാണെങ്കിലും കൂടുതൽ വിപുലമായ കാൻവാസിലും വലിയ താരനിരയിലുമാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാണ്. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ മലയാളത്തിൽ ആദ്യമായി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്‌സാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. മനു ആന്റണി ചിത്രസംയോജനവും അജയൻ അടാട്ട് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

2024-ൽ പുറത്തിറങ്ങിയ 'പണി' തിയേറ്ററുകളിൽ മികച്ച പ്രതികരണവും ബോക്‌സ് ഓഫീസ് വിജയവും നേടിയിരുന്നു. അതിന് പിന്നാലെ ജോജു ജോർജ് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ 'പരിപാടി' വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'മാളികപ്പുറം', '2018', 'രേഖാചിത്രം', 'ആട് 3' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വിജയങ്ങൾ സ്വന്തമാക്കിയ കാവ്യ ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ആഗോള റിലീസിനെത്തുന്നത്. നൂറോളം കഥാപാത്രങ്ങളെ ഒന്നൊന്നായി പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകൾ വരും ദിവസങ്ങളിൽ സിനിമയെക്കുറിച്ചുള്ള ആകാംക്ഷ കൂടുതൽ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഛായാഗ്രഹണം: രാജീവ് രവി, സംഗീതം: യുവാൻ ശങ്കർ രാജ, ചിത്രസംയോജനം: മനു ആന്റണി, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, സംഘട്ടനം: അൻപറിവ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ: ജയൻ നമ്പ്യാർ, നിർമാണ ഏകോപനം: ഗോപകുമാർ ജി.കെ, നിർമാണ നിർവഹണം: വർക്കി ജോർജ്, നിർമാണ നിയന്ത്രണം: ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ഷമീർ ശാം, രൂപപരിവർത്തന ചമയം: എൻ.ജി. റോഷൻ, വി.എഫ്.എക്‌സ്: ലിറ്റിൽ ഹിപ്പോ, മുഖ്യസഹസംവിധായകർ: രനിത്ത് രവീന്ദ്രൻ, മൻസൂർ റഷീദ്, സഹസംവിധായകൻ: രമേശ് ഗിരിജ, സംവിധാന സഹായികൾ: ആദർശ് ബി. നായർ, എം.എസ്. ജയ്, യദുകൃഷ്ണ ഷാലി, മനു ദിനേശ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: ഷിനു പോൾ, പരസ്യകല: സർക്കാസനം, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: The makers of Joju George's directorial film 'Paripadi' released its first character poster featuring Ajayan Adat as Suku. The Thrissur-based film introduces around 100 newcomers who underwent four months of specialized training. Produced by Venu Kunnappilly under Kavya Film Company, the movie is scheduled for a pan-India release in December across five languages. Prominent technical crew includes cinematographer Rajeev Ravi, music director Yuvan Shankar Raja, and stunt choreographers Anbariv. Following the success of his debut directorial 'Pani', 'Paripadi' marks Joju George's second directorial venture.