അച്ഛന്റെ സമ്പാദ്യം 1300 കോടി, മകൻ ബാറിലെ ജീവനക്കാരൻ; താരമായി ജോണി ഡെപ്പിന്റെ മകൻ

ജാക്ക് ഡെപ്പ്, Photo:x.com/Sonia Surija
ജാക്ക് ഡെപ്പ്, Photo:x.com/Sonia Surija

അടുത്തിടെയാണ് നടൻ ജോണി ഡെപ്പ് സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇപ്പോഴിതാ ജോണി ഡെപ്പിന്റെ മകനാണ് വാർത്തകളിലെ താരം. അച്ഛൻ കോടീശ്വരനായിരുന്നിട്ടും ബാറിൽ ജോലി ചെയ്യുന്ന ജാക്ക് ഡെപ്പ് സാമൂഹികമാധ്യമങ്ങളിലും താരമാകുകയാണ്.

ഡെയ്‌ലിമെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ജോണി ഡെപ്പിന്റെ മകന്‍ ജാക് ഡെപ്പ് പാരീസിലെ ഒരു ബാറിലാണ് ജോലി ചെയ്യുന്നത്. ജാക്കിനെ പലരും തിരിച്ചറിഞ്ഞതോടെ വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞു. അച്ഛൻ കോടീശ്വരനായിരുന്നിട്ടും മകന്‍ ബാറിൽ ജോലി ചെയ്യുന്നത് പലരും ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്. ജാക്ക് മികച്ച വ്യക്തിയാണെന്ന് ബാറിന്റെ ഉടമ പറയുന്നു. ബാര്‍ടെന്‍ഡറായിട്ടും കിച്ചണ്‍ സ്റ്റാഫായും ജാക്ക് ജോലി ചെയ്യുന്നുണ്ട്. 

ജാക്കിന്റെ മാതാവ് ഫ്രഞ്ച് ഗായികയും മോഡലുമായ വനീസ പാരഡൈസാണ്. ജോണി ഡെപ്പും വനീസയും 14 വര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. 1998-ല്‍ ആരംഭിച്ച ബന്ധം 2012 ലാണ് അവസാനിക്കുന്നത്.  ജാക്കിനെ കൂടാതെ ഇവര്‍ക്ക് ലില്ലി റോസ് മെലഡി ഡെപ്പ് എന്ന മകളുമുണ്ട്.  ലില്ലി അഭിനേത്രിയാണ്. ഹോളിവുഡില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ലില്ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ എണ്‍പത് ലക്ഷത്തോളെ ഫോളോവേഴ്‌സുണ്ട്. മാതാവ് വനീസയും സഹോദരി ലില്ലിയും ജാക്ക് ജോലി ചെയ്യുന്ന ബാറിലെ സ്ഥിരം സന്ദര്‍ശകരാണ്. പാരീസിലെ ബാസ്റ്റില്ലെ ജില്ലയിലാണ് ബാർ. ജാക്ക് ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കുറേക്കാലമായെങ്കിലും അടുത്തിടെയാണ് ഇത് വാര്‍ത്തകളില്‍ നിറയുന്നത്. 

വനീസയുമായി വേർപിരിഞ്ഞതിന് ശേഷം 2015 ൽ നടി ആംബർ ഹേഡിനെ ജോണി ഡെപ്പ് വിവാഹം കഴിച്ചു. എന്നാൽ 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നാലെ 2018 ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതോടെ ഡെപ്പുമായി പ്രശ്‌നങ്ങൾ ആരംഭിച്ചു. തുടര്‍ന്ന് ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ ഡെപ്പിനെ സിനിമകളില്‍നിന്ന് ഒഴിവാക്കി. ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു. നിയമപോരാട്ടങ്ങൾക്ക് ശേഷം കോടതി ഡെപ്പിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. മാനനഷ്ടക്കേസില്‍ ഹേഡ്, ജോണി ഡെപ്പിന് ഒരു മില്യണ്‍ ഡോളര്‍ (8.2 കോടി) രൂപ നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നു. 

Content Highlights: Johnny Depps son Jack secretly works as bartender restaurant