'അനിയന്റെ സംസ്കാരച്ചടങ്ങ് കഴിഞ്ഞുവന്ന് അഭിനയിച്ചത് കോമഡി സീനിൽ'; ഉർവശിയുടെ കാൽ തൊട്ടുതൊഴുത് ജയറാം

#മൂവി ഡെസ്ക്
ജയറാമും ഉർവശിയും | സ്ക്രീൻ​ഗ്രാബ്
ജയറാമും ഉർവശിയും | സ്ക്രീൻ​ഗ്രാബ്

രു കലാകാരിയെന്ന നിലയിൽ നടി ഉർവശി പുലർത്തുന്ന ആത്മാർത്ഥതയെക്കുറിച്ച് പറഞ്ഞ് നടൻ ജയറാം. പാണ്ഡിരാജ് സംവിധാനംചെയ്യുന്ന പരിമള ആൻഡ് കോ എന്ന ചിത്രത്തിനിടെയുണ്ടായ ഒരു സംഭവം ഉർവശിയുടെ അനുവാദത്തോടെ ജയറാം വെളിപ്പെടുത്തി. ഈ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഉർവശിയുടെ സഹോദരൻ കമൽ റോയ് അന്തരിച്ചത്. ചിത്രീകരണത്തിന് ഒരു തടസവും വരുത്താതെ സഹോദരന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം ഉർവശി തിരിച്ച് സെറ്റിലെത്തിയെന്ന് ജയറാം പറഞ്ഞു. അന്നെടുത്തത് ഒരു കോമഡി രംഗമായിരുന്നുവെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം ഉർവശിയെ വണങ്ങുന്ന അഭിമുഖത്തിന്റെ ദൃശ്യം ശ്രദ്ധ നേടുകയാണ്.

പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴിന് അഭിമുഖം നൽകവേയാണ് ഉർവശിയെക്കുറിച്ച് ജയറാം സംസാരിച്ചത്. "പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് വച്ച് നടക്കുന്ന സമയം. എല്ലാ ആർട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്ത്, വളരെ ടൈറ്റ് ഷെഡ്യൂളിൽ ഷൂട്ടിങ് നടക്കുകയാണ്. നാല് ദിവസമാണ് ഷൂട്ട് വച്ചിരിക്കുന്നത്. എല്ലായിടത്തു നിന്നും പെർമിഷൻ വാങ്ങി നടത്തുന്നതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് വീണ്ടും നീണ്ടുപോകും.

ആദ്യത്തെ ദിവസം ഷൂട്ടിങ് പകുതി പിന്നിട്ടപ്പോൾ ഉർവശിയുടെ സഹോദരൻ മരണപ്പെട്ടു എന്നുള്ള കോൾ വന്നു. ആ അവസ്ഥ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കൂ, പക്ഷേ അപ്പോഴും ഉർവശി, ‘രാത്രി എനിക്ക് കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്യൂ’ എന്ന് പറഞ്ഞ് ബാക്കി ഷൂട്ടും കാര്യങ്ങളുമൊക്കെ പൂർത്തിയാക്കി. അടുത്ത ദിവസം ചെന്നൈയിൽ പോയി മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് പാലക്കാട് സെറ്റിലേക്ക് തിരിച്ചെത്തി. ആ സിനിമയിലെ ഏറ്റവും തമാശനിറഞ്ഞ രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉർവശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു." ജയറാമിന്റെ വാക്കുകൾ.

20 വർഷങ്ങൾക്കുശേഷം ജയറാമും ഉർവശിയും നായകനും നായികയുമായി എത്തുന്ന ചിത്രമാണ് പരിമളം ആൻഡ് കോ. ഈ വർഷം ജനുവരിയിലായിരുന്നു ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയിയുടെ അന്ത്യം. ഹൃദയാഘാതമായിരുന്നു കാരണം. സായൂജ്യം, കോളിളക്കം, മഞ്ജു, കിങ്ങിണി, കല്യാണ സൗഗന്ധികം പോലുള്ള സിനിമകളിൽ കമൽ റോയ് അഭിനയിച്ചിട്ടുണ്ട്.

Content Highlights: During the Palakkad schedule of the upcoming movie Parimalam & Co, veteran actress Urvashi received the tragic news of her brother, actor Kamal Roy's sudden demise due to a heart attack. Actor Jayaram revealed that despite the immense personal tragedy, Urvashi chose not to disrupt the movie's incredibly tight four-day schedule. She completed her scenes for the day before flying to Chennai from Coimbatore for the funeral.