വിജയ്ക്ക് നിർണായക നിമിഷങ്ങൾ; ജനനായകനെതിരായ ഹർജി വിധി പറയാൻ മാറ്റി

#Movie Desk
'ജനനായകൻ' ട്രെയിലറിൽ വിജയ് | Photo: Jana Nayagan Trailer Screen Grab
'ജനനായകൻ' ട്രെയിലറിൽ വിജയ് | Photo: Jana Nayagan Trailer Screen Grab

ചെന്നൈ: വിജയ് ചിത്രം ജനനായകനെതിരായ സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) അപ്പീൽ മദ്രാസ് ഹൈക്കോടതി വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൺ മുരുകൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സിബിഎഫ്‌സിയുടെ അപ്പീലിൽ വാദം കേട്ടത്. സെൻസർ ബോർഡിന്റേയും ജനനായകന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന്റേയും വാദങ്ങൾ വിശദമായി കേട്ടശേഷമാണ് കോടതി ഹർജി വിധി പറയാനായി മാറ്റിയത്.

ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് വിധിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ജനുവരി ഒമ്പതിനാണ് ജസ്റ്റിസ് ആശ അധ്യക്ഷയായ സിംഗിൾ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സിബിഎഫ്‌സി നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച്, അന്ന് തന്നെ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുകയായിരുന്നു.

പൊങ്കലിനോടനുബന്ധിച്ച് ജനുവരി ഒമ്പതിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ജനനായകനായി കാത്തിരുന്നത്. എന്നാൽ സെൻസർ ബോർഡ് കത്രിക വെച്ചതോടെയാണ് ചിത്രം കോടതി കയറിയതും റിലീസ് മുടങ്ങിയതും.

Content Highlights: The Madras High Court has reserved its order on the Censor Board's (CBFC) appeal against Vijay's movie Jananayagan. A division bench heard arguments from both the Censor Board and KVN Productions. The film's release remains uncertain pending the final judgment.