അഭിഭാഷകനായി മാറിയ ഐ.പി.എസ് ഉദ്യോഗസ്ഥൻ; തീയെന്ന് ആരാധകർ, വിജയം പങ്കിട്ട് പൃഥ്വിയും

ഹൗസ്ഫുൾ ഷോകളുമായി തിയേറ്ററുകളിൽ പടയോട്ടം തുടരുകയാണ് ജന ഗണ മന. സിനിമയുടെ വിജയം ആഘോഷിക്കുകയാണ് താരങ്ങളും അണിയറപ്രവർത്തകരും. സാമൂഹിക മാധ്യമത്തിലൂടെ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവും നായകന്മാരിലൊരാളുമായ പൃഥ്വിരാജ്. സിനിമയിലെ തന്റെ കഥാപാത്രത്തേക്കുറിച്ചുള്ള ചെറുകുറിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറി. ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി ആറ് വർഷങ്ങൾക്ക് ശേഷം അയാൾ ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ. ബ്ലോക്ക് ബസ്റ്റർ എന്നാണ് പൃഥ്വി കുറിച്ചത്.
നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. നമ്മുടെ രാജ്യത്ത് നടക്കുന്ന അധികാര കസേരകൾക്ക് വേണ്ടിയുള്ള വടംവലി എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിത്തന്ന ഒരു സിനിമയാണ് ഇതെന്നായിരുന്നു ഒരു കമന്റ്. പാൻ ഇന്ത്യൻ സിനിമ തന്നെയാണെന്നും അടുത്ത പാർട്ട് എപ്പോൾ വരുമെന്നെല്ലാം നീളുന്നു കമന്റുകൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻ, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം ചെയ്തത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തിലെ മറ്റൊരു നായകൻ. മംമ്താ മോഹൻദാസ്, വിൻസി അലോഷ്യസ്‍, ജി.എം. സുന്ദർ, ഇളവരശ്, ശാരി, ഷമ്മി തിലകൻ, ധ്രുവൻ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
Content Highlights: Jana Gana Mana Movie, Prithviraj Sukumaran, Suraj Venjaramoodu, Mamta Mohandas, Dijo Jose Antony