സുശാന്ത് സിംഗിന്റെ മരണം, വിജയ് മല്യ കേസ്; ആരാണ് രാഷ്ട്രപതിയുടെ മെഡലിന് അർഹയായ നൂപുർ പ്രസാദ് IPS?

ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥ നൂപുർ പ്രസാദിനാണ് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ (Medal for Meritorious Service - MSM) ഈ വർഷം ലഭിച്ചിരിക്കുന്നത്. നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥയാണ് നൂപുർ. 2007 ലെ എ.ജി.എം.യു.ടി കാഡർ ഓഫീസറായ നുപൂർ പ്രസാദിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണിത്. സി.ബി.ഐയിലെ കാലാവധി പൂർത്തിയാക്കി നുപൂർ പ്രസാദ് അടുത്തിടെയാണ് ഡൽഹി പോലീസിൽ തിരിച്ചെത്തിയത്.
അന്വേഷണം, കുറ്റകൃത്യ തടയൽ, പൊതുസേവനം, ക്രമസമാടനം, ഭരണം തുടങ്ങിയ മേഖലകളിലെ സംഭാവനകളെയാണ് ഈ പുരസ്കാരം അംഗീകരിക്കുന്നത്. സങ്കീർണ്ണമായ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിലും പോലീസിംഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും നുപൂർ പ്രസാദ് പ്രശസ്തയാണ്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഡൽഹി പോലീസ്, സി.ബി.ഐ, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വനിതകളുടെ സ്വയം പ്രതിരോധം, യുവജനക്ഷേമം, സൈബർ സുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി കേന്ദ്രീകൃത പരിപാടികളിലും അവർ പ്രധാന പങ്ക് വഹിച്ചു.
സുശാന്ത് സിംഗ് രജ്പുത്ത് കേസ് അന്വേഷണം
2020 ജൂൺ 14-ന് മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനിടയിലാണ് നുപൂർ പ്രസാദ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
നടന്റെ കുടുംബത്തിന്റെ പരാതിയെയും അധികാരപരിധിയെച്ചൊല്ലിയുള്ള നിയമതർക്കങ്ങളെയും തുടർന്ന് 2020 ആഗസ്റ്റിലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. സി.ബി.ഐയിലായിരുന്ന കാലത്ത്, സാക്ഷി മൊഴികൾ, ഫോറൻസിക് തെളിവുകൾ, മെഡിക്കൽ രേഖകൾ എന്നിവ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള അന്വേഷണത്തിന്റെ പ്രധാന വശങ്ങൾക്ക് നുപൂർ പ്രസാദ് മേൽനോട്ടം വഹിച്ചു.
സുശാന്ത് സിംഗിന്റെ മരണത്തിൽ കൊലപാതകമെന്നോ ആത്മഹത്യാ പ്രേരണയെന്നോ ക്രിമിനൽ ഗൂഢാലോചനയെന്നോ ഉള്ളതിന് തെളിവുകളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി 2025-ൽ സി.ബി.ഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു.
മറ്റ് പ്രധാന അന്വേഷണങ്ങൾ
സി.ബി.ഐയിലായിരുന്ന കാലത്ത് നിരവധി പ്രമുഖ അന്വേഷണങ്ങളുമായി നുപൂർ പ്രസാദ് ബന്ധപ്പെട്ടിരുന്നു. വ്യവസായി വിജയ് മല്യയുമായി ബന്ധപ്പെട്ട കേസുകളിലും അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായും ബന്ധപ്പെട്ട കേസുകളിൽ നൂപുറിന്റെ സാന്നിധ്യമുണ്ടായിരുന്നു
ഇത്തരം കേസുകളിലെ ഇടപെടലുകൾ മികച്ച അന്വേഷണ ഉദ്യോഗസ്ഥയും ഭരണാധികാരിയുമാണ് എന്ന അവരുടെ പേര് കൂടുതൽ ശക്തമാക്കി.
ഡൽഹി പോലീസിലെ ഔദ്യോഗിക ജീവിതം
സി.ബി.ഐയിൽ ചേരുന്നതിന് മുമ്പ് നുപൂർ പ്രസാദ് ഡൽഹി പോലീസിൽ നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഷാഹ്ദരയുടെ ആദ്യത്തെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡി.സി.പി) ആയിരുന്നു അവർ. ഈ ജില്ല രൂപീകരിച്ച ശേഷം അവിടത്തെ പോലീസിംഗ് സംവിധാനം രൂപീകരിക്കാൻ അവർ സഹായിച്ചു.
തന്റെ ഭരണകാലത്ത് ലഹരി മാഫിയകൾക്കും നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനങ്ങൾക്കുമെതിരെയുള്ള നീക്കങ്ങൾക്ക് അവർ നേതൃത്വം നൽകി. ഒപ്പം ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
തുടർന്ന് വടക്കൻ ഡൽഹി ഡി.സി.പിയായി സേവനമനുഷ്ഠിച്ച അവർ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളും ഡൽഹി സർവകലാശാലാ തിരഞ്ഞെടുപ്പും ഉൾപ്പെടെയുള്ള പ്രധാന പൊതുപരിപാടികളുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
നിലവിലെ ചുമതല
സി.ബി.ഐയിലെ ചുമതല പൂർത്തിയാക്കി ഡൽഹി പോലീസിൽ തിരിച്ചെത്തിയ നുപൂർ പ്രസാദ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ ജോയിന്റ് കമ്മീഷണർ ഓഫ് പോലീസായി സേവനമനുഷ്ഠിക്കുകയാണ് അവർ. സാമ്പത്തിക, വ്യാവസായിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് മേൽനോട്ടം വഹിക്കുന്നത്.
ഇന്ത്യയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ് വിശിഷ്ട സേവനത്തിനുള്ള പ്രസിഡന്റിന്റെ മെഡൽ. വെല്ലുവിളി നിറഞ്ഞ വിവിധ ചുമതലകളിലൂടെ പോലീസിംഗ്, അന്വേഷണം, പൊതുസേവനം എന്നിവയ്ക്ക് നുപൂർ പ്രസാദ് നൽകിയ സംഭാവനകളെയാണ് ഈ പുതിയ അംഗീകാരം എടുത്തു കാണിക്കുന്നത്.
Content Highlights: IPS officer Nupur Prasad, who supervised the high-profile CBI investigation into actor Sushant Singh Rajput's death along with other major cases, has been awarded the prestigious Medal for Meritorious Service.