ഒരു മാസത്തിനുള്ളിൽ മൂന്ന് നവാഗത സംവിധായകരുടെ ചിത്രങ്ങൾ; ബേബി ജീൻ നായകനാകുന്ന 'അക്ഷരംപ്രതി' പ്രഖ്യാപിച്ച് ഇന്ത്യൻ സിനിമാ കമ്പനി

#മൂവീസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒരു മാസത്തിനുള്ളിൽ മൂന്ന് ചിത്രങ്ങളുടെ നിർമാണം ആരംഭിച്ച് മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ സിനിമാ കമ്പനി മൂന്ന് പുതുമുഖ സംവിധായകർക്കാണ് ഒരേസമയം തങ്ങളുടെ മൂന്ന് ചിത്രങ്ങളിലൂടെ അവസരം നൽകിയിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാർ ഒരുക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5 ആണ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചത്.

'അക്ഷരംപ്രതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബേബി ജീൻ ആണ് നായകനായി എത്തുന്നത്. ബേബി ജീൻ ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തു വിടും. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

വ്യത്യസ്തമായ പ്രേമേയങ്ങൾ അവതരിപ്പിക്കുന്ന, പുതുമുഖ സംവിധായകർ ഒരുക്കുന്ന മൂന്ന് ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇപ്പോൾ ഒരുങ്ങുന്നത്. നവാഗതനായ ജിതേഷ് എസ്. റാം ഒരുക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3, ഗിരീഷ് എ.ഡിയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നിവയും അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്.

ജിതേഷ് റാം ഒരുക്കുന്ന ഷറഫുദ്ദീൻ നായകനായ ഫാമിലി എന്റർടെയിനർ ചിത്രത്തിൽ അലൻ ബിൻ സിറാജും പ്രധാന വേഷത്തിലെത്തുന്നു. മൈസൂരിൽ ആരംഭിച്ച ചിത്രീകരണം അവസാന ഘട്ടത്തിലാണ്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പ്രണയ കഥയാണ് രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന ചിത്രം പറയുന്നത്. കിരൺ കെ.എസ്. ആണ് ചിത്രം രചിച്ചത്.

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട'യിലൂടെയാണ് ഇന്ത്യൻ സിനിമാ കമ്പനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 'നരിവേട്ട'യ്ക്ക് ശേഷം, പ്രതിഭാധനരായ നവാഗതരെ മലയാള സിനിമയിൽ അവതരിപ്പിച്ച് കൂടുതൽ മികച്ച ചിത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി. പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Indian Cinema Company announced 'Aksharamprathi', marking its 5th production venture. The film stars rapper Baby Jean in his debut lead role. Directed by debutante Reshma Shivakumar, former associate director to Jeethu Joseph. The production house led by Tipushan V.E. and Shiyas Hassan is producing films with three debut directors in a single month. Other upcoming projects under the banner include films directed by Jithesh S. Ram (starring Sharafudheen) and Rohit Chandrasekhar.