2025 ആദ്യപകുതിയിൽ ഇന്ത്യൻ ബോക്സ് ഓഫീസ് നേടിയത് 5723 കോടി, മലയാളത്തിന്റെ 'കളക്ഷൻ കിംഗ്' മോഹൻലാൽ

കൊച്ചി: റെക്കോഡ് കളക്ഷനിലേക്കുള്ള സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകൾ. 2025-ലെ ആദ്യ ആറ് മാസങ്ങളിൽ ഇന്ത്യൻ ബോക്സ് ഓഫീസ് നേടിയത് 5,723 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5032 കോടി രൂപയായിരുന്നു. ഇതിനോട് താരതമ്യം ചെയ്യുമ്പോൾ 14 ശതമാനമാണ് വളർച്ച. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആഭ്യന്തര ബോക്സ് ഓഫീസിൽ 17 സിനിമകൾ 100 കോടി രൂപ കടന്നു.
2024-ലെ ആദ്യ പകുതിയിൽ ഇതേ നേട്ടം കൈവരിച്ചത് 10 സിനിമകൾ മാത്രമായിരുന്നു. 2022-ൽ 5738 കോടി രൂപ നേടിയതാണ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര കളക്ഷൻ. നിലവിലെ പ്രവണത തുടർന്നാൽ ഈ വർഷം റെക്കോർഡ് തുകയായ 13,500 കോടി രൂപയിൽ അവസാനിക്കുമെന്നാണ് കരുതുന്നത്.
2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ വിക്കി കൗശൽ നായകനായ ‘ചാവ’യാണ്. 693 കോടി രൂപ. ദഗ്ഗുബതി വെങ്കിടേഷ് അഭിനയിച്ച ‘സംക്രാന്തികി വാസ്തുനം’ എന്ന തെലുങ്ക് ചിത്രമാണ് 222 കോടിയുമായി രണ്ടാമത്. മലയാളത്തിൽനിന്നുള്ള മോഹൻലാൽ ചിത്രമായ ‘തുടരും’ 144 കോടിയുമായി പട്ടികയിൽ എട്ടാമതാണ്. 126 കോടി നേടിയ മലയാളം ചിത്രം ‘എംപുരാൻ’ പത്താം സ്ഥാനത്തുണ്ട്.
മൊത്തം കളക്ഷന്റെ 39 ശതമാനം വിഹിതവുമായി ഹിന്ദി സിനിമ ആധിപത്യം തുടരുമ്പോൾ തെലുങ്ക് (19 ശതമാനം), തമിഴ് (17 ശതമാനം) സിനിമകളാണ് തൊട്ടുപിന്നിലുള്ളത്. 10 ശതമാനമാണ് മലയാളത്തിന്റെ സംഭാവന. 2022-നുശേഷം ആദ്യമായി ഹോളിവുഡ് സിനിമ 10 ശതമാനം സംഭാവന നൽകി ഇരട്ട അക്കത്തിലെത്തിയതും ശ്രദ്ധേയമായി.
Content Highlights: Indian cinema sees a 14% growth at the box office in the first half of 2025, reaching ₹5723 crore