കൺമണി അൻപോട് പകർപ്പവകാശം: ‘മഞ്ഞുമ്മൽ ബോയ്‌സി'ന്‌ തെറ്റുപറ്റിയോ?

#ഡോ.അരുൾ ജോർജ് സ്കറിയ
'മഞ്ഞുമ്മൽ ബോയ്സ്' പോസ്റ്റർ, ഇളയരാജ | ഫോട്ടോ: www.facebook.com/soubinshahirofficial, വി.രമേഷ് \ മാതൃഭൂമി
'മഞ്ഞുമ്മൽ ബോയ്സ്' പോസ്റ്റർ, ഇളയരാജ | ഫോട്ടോ: www.facebook.com/soubinshahirofficial, വി.രമേഷ് \ മാതൃഭൂമി

ഇളയരാജയുടെ പാട്ടുകൾ ഇഷ്ടപ്പെടാത്തവർ ചുരുക്കം. എന്നാൽ വിവാദങ്ങളെ ഭയക്കാത്ത, തന്റെ അവകാശങ്ങളെ ആർക്കുമുമ്പിലും അടിയറവു വെക്കാൻ തയ്യാറാവാത്ത ഇളയരാജയെ അംഗീകരിക്കുവാൻ ചിലർക്കെങ്കിലും അതിയായ വിഷമം! അത് പകർപ്പവകാശത്തിന്റെ പേരിലാണെങ്കിൽ പറയുകയും വേണ്ട! 

അനുവാദമില്ലാതെ വിദേശവേദികളിൽ തന്റെ സംഗീതം ഉപയോഗിച്ചതിന് പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിനു നോട്ടീസ് അയച്ചപ്പോഴും ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് ‘കണ്മണി അൻപോട് കാതലൻ’ എന്ന പാട്ട് അനുവാദമില്ലാതെ ഉപയോഗിച്ചതിന് നോട്ടീസ് അയക്കുമ്പോഴും ഇളയരാജയിൽ  കാണുന്നത് പകർപ്പകാവകാശത്തെക്കുറിച്ചു സാമാന്യം നല്ല അറിവുള്ള ഒരു സംഗീതജ്ഞനെയാണ്. നാലു പതിറ്റാണ്ടിലേറെക്കാലമായി സംഗീതസംവിധായകരും ഗാനരചയിതാക്കളും നേരിടുന്ന ഒരു വലിയ പ്രശ്നത്തോടുള്ള പ്രതികരണമായി ഇതിനേക്കാണേണ്ടതും വളരെ ആവശ്യമാണ്.

പ്രധാന നിയമ പ്രശ്നം  

ഒരു പാട്ട് സിനിമയിൽ സമന്വയിപ്പിക്കപ്പെട്ടുകഴിയുമ്പോൾ ആ പാട്ടിന്മേലുള്ള എല്ലാ പകർപ്പവകാശവും സിനിമ നിർമാതാവിൽ നിക്ഷിപ്തമാവുമോ അതോ സംഗീത സംവിധായകനും ഗാനരചയിതാവിനും അവരുടെ അവകാശങ്ങൾ നിലനിർത്താൻ കഴിയുമോ എന്നതാണ് ഇവിടുത്തെ കാതലായ നിയമ പ്രശ്നം. ഉദാഹരണത്തിന് ഇളയരാജയുടെ സംഗീതം ഗുണ എന്ന സിനിമയിൽ ഉപയോഗിച്ചതോടെ ആ സംഗീതത്തിലുള്ള എല്ലാ അവകാശങ്ങളും ഗുണയുടെ നിർമാതാക്കളിൽ നിക്ഷിപ്തമാവുമോ അതോ ഇളയരാജക്ക് ആ പാട്ട് മറ്റു സിനിമകളിലോ വേദികളിലോ ഉപയോഗിക്കുമ്പോൾ പ്രതിഫലവും അംഗീകാരവും ലഭിക്കുവാനുള്ള അവകാശമുണ്ടോ എന്നതാണ് പ്രസക്ത ചോദ്യം.

അവകാശലംഘനങ്ങളുടെ വഴിയൊരുക്കം 

1977-ൽ ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്‌സ് സൊസൈറ്റി v. ഈസ്റ്റേൺ ഇന്ത്യ മോഷൻ പിക്ചേഴ്സ് അസോസിയേഷൻ എന്ന കേസിൽ, പകർപ്പവകാശ നിയമത്തിലെ 17 (ബി), 17 (സി) വകുപ്പുകൾ പ്രകാരം അവകാശങ്ങൾ സിനിമ നിർമ്മാതാവിലാണ് എന്ന കാഴ്ചപ്പാടാണ് വിധി എഴുതിയ ജസ്റ്റിസ് ജസ്വന്ത് സിംഗ് എടുത്തത്. സഹ ജഡ്‌ജിയായ ജസ്റ്റിസ് കൃഷ്ണയ്യർ, പ്രധാന വിധിയോട് നേരിട്ട് വിയോജിക്കാതെ ഒരു “സൂചിക”യിലൂടെ എല്ലാവരുടെയും താത്പര്യങ്ങളെ സംരക്ഷിക്കാനുതകുന്ന ഒരു വ്യാഖ്യാനം നിർദ്ദേശിച്ചു. സിനിമ പ്രദർശനത്തിന്റെ ഭാഗമായി സംഗീതം ഉപയോഗിക്കാനുള്ള അവകാശങ്ങൾ ആ സിനിമയുടെ നിർമ്മാതാവിലും ബാക്കിയെല്ലാ ഉപയോഗങ്ങൾക്കുമുള്ള അവകാശങ്ങൾ സംഗീതസംവിധായകനിലും നിലനിൽക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷെ 17(സി) വകുപ്പിന്റെ പരിധിയിൽ വരുന്ന സൃഷ്ടികളിൽ അവകാശം നിർമാതാക്കൾക്ക് ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിധിയുടെ ചുവടുപിടിച്ചു പല ഹൈക്കോടതികളും സംഗീത സംവിധായകർക്കും ഗാന രചയിതാക്കൾക്കും അർഹമായ അവകാശങ്ങൾ നിഷേധിക്കുന്ന സങ്കടകരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. 

കോടതിക്ക് തെറ്റു പറ്റിയോ?

പകർപ്പകാവകാശ നിയമ പ്രകാരം പാട്ടുകളെ ഒരു സംയോജിത സൃഷ്ടിയായി കാണേണ്ടത്  പ്രധാനമാണ്. ഒരു പാട്ടിൽ തന്നെ വ്യത്യസ്തതരം പകർപ്പവകാശങ്ങൾ സ്വതന്ത്രമായി നിലനിൽക്കും. ഉദാഹരണത്തിന്, വരികൾക്ക്  സ്വതന്ത്രമായ പകർപ്പവകാശം നിലവിലുണ്ട്. അതുപോലെ, സംഗീതത്തിനു സ്വതന്ത്രമായ പകർപ്പവകാശം ഉണ്ട്. പകർപ്പകാവകാശ നിയമപ്രകാരം സൃഷ്ടികളുടെ ആദ്യ പകർപ്പവകാശ ഉടമകൾ ആ സൃഷ്ടികളുടെ രചയിതാക്കളാണെന്ന പൊതു തത്വത്തിന് വളരെ  പരിമിതമായ ഒഴിവാക്കലുകൾ മാത്രമാണ് നിയമത്തിൽ  നൽകിയിരിക്കുന്നത്.
 
സുപ്രീം കോടതി ഉപയോഗിച്ച  17(b) വകുപ്പ് വളരെ ചുരുക്കം സൃഷ്ടികൾ (subject  matter) മാത്രം  ഉൾക്കൊള്ളുന്ന ഒന്നാണ്.  സിനിമാറ്റോഗ്രാഫ് ഫിലിമുകൾ, ഫോട്ടോകൾ തുടങ്ങിയ സൃഷ്ടികൾ പ്രതിഫലത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ടാൽ അവയിലെ പകർപ്പവകാശത്തിന്റെ ആദ്യ ഉടമ പണം നല്കി ആ സൃഷ്ടി ഉണ്ടാക്കിച്ച ആളാകുമെന്നു വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, 17(b)യിൽ സൂചിപ്പിച്ചിരിക്കുന്ന സൃഷ്ടികളുടെ പട്ടികയിൽ ഗാനരചനകളോ സംഗീതമോ ഉൾപ്പെടുന്നില്ല എന്നത് കോടതി തിരിച്ചറിഞ്ഞില്ല.
  
17(c) വകുപ്പ് ഉപയോഗിച്ചതിലും കോടതിക്ക് ഗൗരവമായ വീഴ്ചയാണ് ഉണ്ടായത്. 17 (സി) പ്രകാരം ഒരു ജോലിയുടെ ഭാഗമായി സൃഷ്ടിച്ച സൃഷ്ടികളുടെ ആദ്യ ഉടമസ്ഥത തൊഴിൽദാതാവിൽ നിക്ഷിപ്തമാണ്. പക്ഷെ ഒരു സൃഷ്ടിക്കു പ്രതിഫലം നൽകി എന്നതുകൊണ്ടു മാത്രം തൊഴിൽദാതാവ്-തൊഴിലാളി ബന്ധം ഉണ്ടാകുന്നില്ല. രണ്ടു വ്യക്തികൾ തമ്മിൽ തൊഴിൽദാതാവ്--തൊഴിലാളി ബന്ധമുണ്ടോ എന്ന് നിർണ്ണയിക്കുമ്പോൾ പരിഗണിക്കേണ്ട നിരവധി ഘടകങ്ങൾ കോടതികൾ  പലപ്പോഴായി നിർവചിച്ചിട്ടുണ്ട്. അത്തരം ഘടകങ്ങൾ പരിശോധിച്ചാൽ ഇളയരാജ, വിദ്യാസാഗർ പോലെയുള്ള  സംഗീതസംവിധായകർ ഒരു സംഗീതം രചിക്കുമ്പോൾ, അവർ സിനിമാ നിർമ്മാതാവുമായി നിയമപരമായി തൊഴിലാളി-തൊഴിൽദാതാവ് ബന്ധത്തിലല്ലെന്നത് വളരെ വ്യക്തമാണ്. ചുരുക്കത്തിൽ 17(c) വകുപ്പ് ഉപയോഗിച്ചതും അനുചിതമാണ്.  

മുൻപു സൂചിപ്പിച്ചതുപോലെ ഗാനരചയിതാക്കളുടെയും  സംഗീതസംവിധായകരുടെയും റോയൽറ്റി (royalty) അവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെടുന്നതിന് സുപ്രീം കോടതി വിധി കാരണമായി. അവരുടെ കൃതികൾ പലതരം പുതിയ ഉപയോഗ രീതികൾക്കും ഉപയോഗിക്കപ്പെട്ടപ്പോൾ അതിൽ നിന്ന് ഒരു പ്രതിഫലവും അവർക്കു കിട്ടിയില്ല. പ്രശസ്ത ഗാനരചയിതാവായ ജാവേദ് അക്തർ രാജ്യസഭാംഗം ആയിരുന്ന അവസരത്തിൽ ഈ വിഷയം പാർലമെന്റിന്റെ  ശ്രദ്ധയിൽ കൊണ്ടുവരികയും പകർപ്പവകാശ നിയമത്തിൽ ചില ഭേദഗതികൾ വരുത്തുകയും ചെയ്തു. അവയിൽ ഏറ്റവും പ്രധാനം ഓരോ പാട്ടിലെയും വ്യത്യസ്ത സംഭാവനകൾക്ക്  സ്വതന്ത്ര അവകാശം ഉണ്ടെന്ന അടിസ്ഥാന ആശയം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുക എന്നതാണ്. ഇളയരാജയുടെ പോരാട്ടങ്ങൾ ആ അടിസ്ഥാന തത്വം മനസ്സിലാക്കുന്നതിൽ പലരും ഇപ്പോഴും പരാജയപ്പെടുന്നു എന്നതിന്റെ സൂചനയാണ്.

‘മഞ്ഞുമ്മൽ ബോയ്സ്ന് ’ തെറ്റു പറ്റിയോ? 

കണ്മണി അൻപോട് കാതലൻ എന്ന പാട്ട് ഇളയരാജയുടെ സമ്മതം ഇല്ലാതെയാണ് മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം അയച്ച നോട്ടീസ് സൂചിപ്പിക്കുന്നത്. ഇത് ശരിയാണെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക്  നിയമപരമായും ധാർമികപരമായും വലിയൊരു തെറ്റ് പറ്റിയിട്ടുണ്ട്. അത്തരം തെറ്റുകൾ തിരുത്താൻ മാത്രമല്ല, അവ ആവർത്തിക്കാതിരിക്കാനും നമ്മുടെ സിനിമാ വ്യവസായം ശ്രദ്ധിക്കേണ്ടതുണ്ട്.
 
(ബെംഗളൂരു ഇന്ത്യൻനാഷനൽ ലോ സ്കൂൾ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ബൗദ്ധിക സ്വത്തവകാശ വിദഗ്ധനുമാണ് ലേഖകൻ)

Content Highlights: ilaiyaraja and manjummal boys team dispute on guna song copyright