ജിയോ ബേബി - റോഷൻ മാത്യു ചിത്രം 'Human'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

റോഷൻ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹ്യൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. 2027ൽ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തോക്കും സിം കാർഡുകളും ഉൾപ്പെടുന്ന ടൈറ്റിൽ പോസ്റ്ററിൽ, ഇരുണ്ട പശ്ചാത്തലത്തിൽ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആകാംക്ഷയുണർത്തുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിൽ വേറിട്ട പ്രമേയങ്ങളും ശക്തമായ സാമൂഹിക നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ അദ്ദേഹം ‘കാതൽ – ദി കോർ’, ‘ശ്രീധന്യ കാറ്ററിങ് സർവീസ്’, ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’, 'കുഞ്ഞു ദൈവം', '2 പെൺകുട്ടികൾ', തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മനുഷ്യബന്ധങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളത്തിലും മറ്റു ഭാഷകളിലും ശ്രദ്ധേയനായ നടനാണ് റോഷൻ മാത്യു. ജിയോ ബേബിയുടെ സംവിധാനവും റോഷൻ മാത്യുവിന്റെ പ്രകടനവും ഒന്നിക്കുന്ന ‘ഹ്യൂമൻ’ എന്ത് തരം പ്രമേയമാണ് അവതരിപ്പിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
നിർമ്മാണം: സഞ്ജു ഉണ്ണിത്താൻ, ബാനർ: സ്പൈർ പ്രൊഡക്ഷൻസ്, രചന, സംവിധാനം: ജിയോ ബേബി, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, പ്രൊഡക്ഷൻ ഡിസൈൻ: രാജേഷ് പി വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊഡ്ത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു എം പി എസ് സി, പ്രോജക്ട് കോർഡിനേറ്റർ: വിവേക് വൈദ്യനാഥൻ, കോസ്റ്റ്യൂം ഡിസൈനർ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ-ഡയറക്ടർ: ഫാന്റം പ്രവീൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, സ്ക്രിപ്റ്റ് സൂപ്പർവൈസർമാർ: കുഞ്ചില മസിലാമണി, ടൈറ്റിൽ ഡിസൈൻ: ലിങ്കു എബ്രഹാം – ദ വാലിൻസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പിആർഒ: ശബരി
Content Highlights: Director Jeo Baby and actor Roshan Mathew are set to collaborate for a new project titled Human, produced by Sanju Unnithan under the banner of Spire Productions, with the intriguing title poster revealing a 2027 theatrical release.