'ആർ.ആർ.ആർ' കണ്ടു, ആലിയയുടെ ആരാധികയായി- ഹോളിവുഡ് താരം ഗാൽ ഗാഡറ്റ്

ആലിയ ബട്ട്, ഗാൽ ​ഗാഡറ്റ് | PHOTO: AFP
ആലിയ ബട്ട്, ഗാൽ ​ഗാഡറ്റ് | PHOTO: AFP

ബോളിവുഡ് താരം ആലിയ ബട്ടിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമാണ് സ്പൈ-ആക്ഷൻ ത്രില്ലറായ 'ഹാർട്ട് ഓഫ് സ്റ്റോൺ'. ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ ​ഗാൽ ​ഗാഡറ്റ് ആണ് മുഖ്യവേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ പ്രതിനായികയായാണ് ആലിയ ഭട്ട് വേഷമിടുന്നത്. 

ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ അവതരിപ്പിച്ചത്. ഏജന്റ് ആയ റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ് ​ഗാൽ ​ഗാഡറ്റ് അവതരിപ്പിക്കുന്നത്. ദ ഹാർട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു വസ്തുവിനുവേണ്ടിയുള്ള പോരാട്ടമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഹാർട്ട് മോഷ്ടിക്കാനെത്തുന്ന കഥാപാത്രമാണ് ആലിയയുടേത്.

ഇപ്പോഴിതാ ആലിയയെക്കുറിച്ച് ഗാൽ ​ഗാഡറ്റ് പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്. താൻ ആർ.ആർ.ആർ കണ്ടുവെന്നും നേരത്തെ തന്നെ ആലിയയുടെ ആരാധികയാണെന്നും ​ഗാൽ ​ഗാഡറ്റ് പറഞ്ഞു. ചിത്രത്തിലെ പ്രതിനായക വേഷം ചെയ്യാനായി പുതുമയുള്ള, ലെയറുള്ള കഥാപാത്രം ചെയ്യാനാകുന്ന ഒരാളെ തങ്ങൾ തേടുകയായിരുന്നുവെന്നും ആലിയ ശരിയായ ചോയ്സ് ആയിരുന്നുവെന്നും നടി വ്യക്തമാക്കി. 

ഹോളിവുഡിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് ആലിയയും പ്രതികരിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിൽ അഭിനയിക്കാൻ ഉചിതമായ സമയം ഇതാണെന്ന് താൻ കരുതുന്നുവെന്ന് ആലിയ പറഞ്ഞു. ഷൂട്ടിങ് വളരെ രസകരമായിരുന്നുവെന്നും ഒരുപാട് പേരെ പരിചയപ്പെടാനായെന്നും നടി കൂട്ടിച്ചേർത്തു.

ടോം ഹാർപ്പർ ആണ് 'ഹാർട്ട് ഓഫ് സ്റ്റോൺ' സംവിധാനം ചെയ്യുന്നത്. ​ഗ്രെ​ഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ്‌ 11-ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തും.

Content Highlights: hollywood star gal gadot about alia bhatt new movie netflix movie heart of stone trailer