ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട ഭക്തിഗാനം, അയ്യപ്പന്റെ ഉറക്കുപാട്ട്; കാലാതീതം ഹരിവരാസനം

#സ്വന്തം ലേഖകൻ
ശബരിമല ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് (ഫയൽ ചിത്രം) | Photo: Mathrubhumi
ശബരിമല ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് (ഫയൽ ചിത്രം) | Photo: Mathrubhumi

ഗന്ധർവനാദത്തിൽ ‘ഹരിവരാസനം’ മുഴങ്ങുന്ന നിമിഷം, ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനം ഒരുനിമിഷം നിശ്ശബ്ദമാകും. കൈകൂപ്പിനിൽക്കുന്ന ഒരായിരം കണ്ഠങ്ങൾ ഹരിവരാസനം ഏറ്റുപാടുന്നതോടെ സന്നിധാനം അവാച്യമായ ഒരു അനുഭൂതിയിലെത്തുകയായി. ‘മധ്യമാവതി’യുടെ നനുത്ത സ്പർശത്തിൽ യേശുദാസിന്റെ ശബ്ദം പുറത്ത്‌ മുഴങ്ങുന്നതോടെ, ഹരിവരാസനം പാടി ശ്രീകോവിലിലെ ഓരോ നിലവിളക്കുമണച്ച് മേൽശാന്തിയും പരികർമികളും പതിയെ പിൻവാങ്ങും. ‘ഹരിവരാസനം’ കേട്ട് ഹരിഹരപുത്രൻ ഉറങ്ങാൻ തുടങ്ങുന്നു.

ശബരിമലയിൽ ഒരുതവണയെങ്കിലും പോയവരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമ്മയായിരിക്കും അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടിയുള്ള നടയടയ്ക്കൽ. സന്നിധാനത്ത് മുഴങ്ങുന്ന യേശുദാസിന്റെ ഹരിവരാസനം ഈ മണ്ഡലകാലത്ത് അരനൂറ്റാണ്ട് പിന്നിടുകയാണ്.

ജനപ്രീതി നേടിയത് ‘സ്വാമി അയ്യപ്പനി’ലൂടെ

1923-ൽ കുമ്പക്കുടി കുളത്തൂർ അയ്യർ എഴുതിയതെന്ന് കരുതുന്ന ഹരിവരാസനത്തിന്റെ നൂറാംവാർഷികാഘോഷം 2023-ൽ കഴിഞ്ഞു. പി.സുബ്രഹ്മണ്യം സംവിധാനംചെയ്ത ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമ 1975-ൽ പുറത്തിറങ്ങിയതോടെയാണ് ‘ഹരിവരാസനം’ ജനപ്രീതി നേടിയത്. ദേവരാജൻ ഈണം നൽകി യേശുദാസാണ് ആലപിച്ചത്. സിനിമയിറങ്ങിയ ശേഷമാണ് ശബരിമലയിൽ അത്താഴപൂജ കഴിഞ്ഞ്‌ ഹരിവരാസനം സന്നിധാനത്ത്‌ കേൾപ്പിച്ച് തുടങ്ങിയത്.

റീമേക്കുകൾ നിരവധി

ഇത്രയേറെ റീമേക്കുകൾ വന്ന വേറൊരു ഭക്തിഗാനമുണ്ടോയെന്ന്‌ സംശയമാണ്. യേശുദാസ്‌തന്നെ പല വേദികളിൽ, പല ശൈലിയിൽ ഇത് പാടിയിട്ടുണ്ട്. ഭാവഗായകൻ പി.ജയചന്ദ്രൻ തന്റേതായ രീതിയിൽ പാടി. പുതുതലമുറഗായകരും ഹരിവരാസനം പാടിയിട്ടുണ്ട്. പലരുടെയും മൊെെബൽ റിങ്‌ ടോണാണ് ഇത്.

വീണ്ടും വരുമോ ഇത്തരം ഈണങ്ങൾ?

കാലത്തിനനുസരിച്ച് ഭക്തിഗാനങ്ങളും മാറി. 50 വർഷം മുൻപ്‌ ഇറങ്ങിയതുപോലുള്ള വരികളോ സംഗീതമോ ഇനി പ്രതീക്ഷിക്കാനാകില്ല. ആസ്വാദനരീതിയും മാറി. എല്ലാം ചടുലമാണ്. നല്ല മെലഡി കൊടുത്താൽപ്പോലും കേൾക്കാനാളില്ല. ‘ഫാസ്റ്റ് നമ്പറു’കളുടെ കാലത്ത് പിടിച്ചുനിൽക്കാൻ ശുദ്ധസംഗീതം പാടുപെടുന്നു. മുൻപ് ശബരിമല സീസണായാൽ ഭക്തിഗാന കാസറ്റുകളുടെ പ്രളയമായിരുന്നു. അത്‌ കേട്ടുണർന്ന പ്രഭാതങ്ങൾ പലരും മറന്നുകാണില്ല.

സുവർണകാലഘട്ടം കഴിഞ്ഞു

ഭക്തിഗാനങ്ങളുടെ സുവർണ കാലഘട്ടം കഴിഞ്ഞു എന്നുവേണം പറയാൻ. അയ്യപ്പഭക്തിഗാനങ്ങളെടുത്താൽ ‘തരംഗിണി’യെയാണ് നമുക്ക് ഓർമ്മവരിക. എത്ര പാട്ടുകൾ ദാസേട്ടൻ എനിക്കുവേണ്ടി പാടിയിരിക്കുന്നു? അദ്ദേഹത്തിന് പാടാനായി കുറച്ച് ഭക്തിഗാനങ്ങൾ ഹാർഡ് ഡിസ്കിലാക്കി സൂക്ഷിക്കാൻ തുടങ്ങിയിട്ട് വർഷം നാലായി. അതിനി നടക്കുമോയെന്ന കാര്യം ഈശ്വരൻ നിശ്ചയിക്കണം. കാസറ്റ് കമ്പനിക്കാർ ഒരുപാട്ടിനുതന്നെ ചോദിക്കുന്നത് ലക്ഷങ്ങളാണ്. ‘ഓൾഡ് ഈസ് ഗോൾഡ്’ എന്നുപറയുന്നത് സത്യമാണ്. റിയാലിറ്റിഷോകളിൽ ഗായകർ ഇന്നും പഴയ പാട്ടുകൾ പാടുന്നത് ഇതിന് ഉദാഹരണമാണ്.

-ടി.എസ്.രാധാകൃഷ്ണൻ, സംഗീതസംവിധായകൻ

കാലം മാറി, ഈണവും

പഴയകാലത്തെ സംഗീതം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത് ശരിയല്ല. നല്ല മെലഡികൾ ആർ‍ക്കും കേൾക്കാൻ നേരമില്ല. നല്ലതോ ചീത്തയോ എന്ന് നിരീക്ഷിക്കാനുള്ള സംയമനമില്ല പുതുതലമുറയ്ക്ക്. കാലത്തിനനുസരിച്ച മാറ്റങ്ങൾ ഉൾക്കൊള്ളാനേ പറ്റൂ. പഴയ ഈണങ്ങളും വരികളും കാലാതീതമാണ്. യേശുദാസ് പാടിയ ഹരിവരാസനം ലോകാവസാനംവരെ അതേപോലെ നിൽക്കണം.

-വിദ്യാധരൻ, സംഗീതസംവിധായകൻ

വരികളെഴുതൽ വെല്ലുവിളി

ശബരിമലയെക്കുറിച്ചുള്ള പാട്ടെഴുത്ത് വലിയ വെല്ലുവിളിയാണ്. എഴുതുന്നവരും അതിന് സംഗീതം നൽകുന്നവരും അതിൽ മാറ്റങ്ങൾ കൊണ്ടുവരണം. അതിനുള്ള കഴിവൊന്നും പുതുതലമുറ കാണിക്കുന്നില്ല. തരംഗിണിയുടെ പ്രതാപം പോയതോടെ അയ്യപ്പഭക്തിഗാനങ്ങളുടെ നല്ലകാലവും ഏതാണ്ട് തീർന്നു. ഇന്ന് സോഷ്യൽ മീഡിയയിലൊക്കെ ഒരുപാട്ട് മുഴുവനിടില്ല. അരപ്പാട്ട് മാത്രമേയുള്ളൂ. ആധ്യാത്മികസാഹിത്യത്തിന് പ്രചാരം കുറഞ്ഞതും പുതിയ പാട്ടുകൾ വരുന്നതിന് തടസ്സമാകുന്നുണ്ട്.

-ആർ.കെ.ദാമോദരൻ, കവി

Content Highlights: Harivarasanam: Sabarimala's 'Urakkupattu' (Lullaby) completes half a century in Yesudas's voice; The moment of silence in Sannidhanam