ദയ എന്നാണ് പേര്; കണ്മണിയെ പരിചയപ്പെടുത്തി ഹരീഷ് ഉത്തമനും ചിന്നുവും

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും | ഫോട്ടോ: www.facebook.com/actorharishuthaman
ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും | ഫോട്ടോ: www.facebook.com/actorharishuthaman

താരദമ്പതികളായ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയ്ക്കും ആൺകുഞ്ഞ് പിറന്നു. ഹരീഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഫെബ്രുവരി മൂന്നിനാണ് കുഞ്ഞിന്റെ ജനനമെന്നും ദയ എന്നാണ് പേരെന്നും ഹരീഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

ഈ പ്രപഞ്ചത്തിന് നന്ദിയെന്നും ഹരീഷ് പോസ്റ്റിൽ പറയുന്നു. കുഞ്ഞിനൊപ്പം ഇരുവരും നിൽക്കുന്ന ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 2022 ജനുവരിയിലായിരുന്നു ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായത്. മാവേലിക്കര സബ് രജിസ്റ്റർ ഓഫീസിൽ വച്ച് സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമൻ. മലയാളത്തിൽ മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, ഭീഷ്മ പർവം, ഇനി ഉത്തരം എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. തമിഴിൽ കൈതി, വിക്രം, പിസാസ്, തനി ഒരുവൻ, പായുംപുലി, തൊടരി, ഡോറ മുതലായ ചിത്രങ്ങളിൽ കയ്യടിനേടുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്.

അഭിനേത്രിയായും അസിസ്റ്റന്റ് ക്യാമറവുമണായും ചലച്ചിത്ര രംഗത്ത് സജീവമാണ് ചിന്നു. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ്. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിൽ ചിന്നു കുരുവിള അഭിനയിച്ചിട്ടുണ്ട്.  

Content Highlights: harish uthaman and chinnu kuruvila blessed with a baby boy, harish uthaman facebook post