‘കഞ്ചാവുകേസിൽ അറസ്റ്റിലായ സംവിധായകനൊപ്പം പടം ചെയ്താൽ’; മമ്മൂട്ടിക്കെതിരെ ഹരീഷ് പേരടി

#മൂവി ഡെസ്ക്
ഹരീഷ് പേരടി | പി. പ്രമോദ്കുമാർ\ മാതൃഭൂമി
ഹരീഷ് പേരടി | പി. പ്രമോദ്കുമാർ\ മാതൃഭൂമി

സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചതിനുപിന്നാലെ മമ്മൂട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി മമ്മൂട്ടി സഹകരിക്കുന്നത് ശരിയാണോ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. മമ്മൂട്ടിയുടെ വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ‘ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ’ എന്നുതോന്നിയ മമ്മുക്കയ്ക്ക്.. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?... എനിക്കറിയില്ല.. ഏതാണ് ശരി എന്നും എനിക്കറിയില്ല.’’–ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ.

കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് പിടികൂടിയത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

'ഉണ്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മട്ടാഞ്ചേരി മാഫിയ'. സിനിമയുടെ ടൈറ്റിൽ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ, ഷറഫു-സുഹാസ്, തശ്രീഖ് അബ്ദുൽ സലാം എന്നിവരാണ്.

Content Highlights: Actor Harish Peradi has publicly criticized Mammootty for partnering with director Khalid Rahman for the upcoming film Mattancherry Mafia, citing the director's previous arrest in a hybrid ganja case and questioning the superstar's moral stance.