ഓസ്കറിന് ശേഷം കീരവാണി, ഒപ്പം കെ.ടി. കുഞ്ഞുമോനും; ജെൻ്റിൽമാൻ-2 ടൈറ്റിൽ മോഷൻ പോസ്റ്റർ

ജെൻ്റിൽമാൻ-2 ടൈറ്റിൽ പോസ്റ്റർ
ജെൻ്റിൽമാൻ-2 ടൈറ്റിൽ പോസ്റ്റർ

മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ-II വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ' ഓസ്കർ ജേതാവ് ' എം എം . കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ' ആഹാ കല്യാണം ' എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ-II വിൻ്റെ സംവിധായകൻ. 

കീരവാണിയുടെ സം​ഗീതം നിർവഹിച്ച തീം മ്യൂസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിനു ലഭിച്ചത്. തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച 'ജെൻ്റിൽമാൻ'. ഇന്ത്യൻ സിനിമയിലെ സംവിധായകരുടെ മുൻനിരയിൽ ഷങ്കറിന് സ്ഥാനം നേടാൻ കാരണമായ സിനിമയായിരുന്നു ഇത്. മുപ്പതു വർഷങ്ങൾക്കു ശേഷം അതേ പേരുമായി ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധരെ അണിയറയിൽ അണിനിരത്തിയാണ് കെ.ടി.കുഞ്ഞുമോൻ 'ജെൻ്റിൽമാൻ-II ' നിർമ്മിക്കുന്നത്. 

താരങ്ങളെ ആശ്രയിക്കാതെ, വളർന്നു വരുന്ന കഴിവുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിച്ച്, ശക്തമായ കഥയിലും മേക്കിങ്ങിലും വിശ്വാസമർപ്പിച്ച്‌ വെള്ളിത്തിരയിൽ വിസ്‌മയം തീർക്കുക എന്നതാണ് കുഞ്ഞുമോൻ സ്‌റ്റൈൽ. ഇക്കുറിയും അദ്ദേഹം പതിവുതെറ്റിച്ചിട്ടില്ല. കീരവാണി, ഗാനരചയിതാവ് വൈരമുത്തു, കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമാൻ അജയൻ വിൻസെൻറ്, എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി എന്നിങ്ങനെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധർ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ജെൻ്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 19 ന് ചെന്നൈയിൽ ആരംഭിക്കും.

Content Highlights: gentleman 2 movie motion poster released, mm keeravani, kt kunjumon, a gokul krishna director