പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു; ശ്രീനാഥുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഗൗതമി

താനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹമോചിതരായെന്ന് വെളിപ്പെടുത്തി നടി ഗൗതമി നായര്‍. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനമെന്നും തങ്ങള്‍ ഇപ്പോഴും നല്ല സൗഹൃദവും ബഹുമാനവും പുലര്‍ത്തുന്നുവെന്ന് ഗൗതമി പറഞ്ഞു. സെക്കന്‍ഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയും അഭിനയരംഗത്തെത്തുന്നത്.
''എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമായി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ പുറത്തിറിഞ്ഞാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഓരോന്ന് പറയും. അത് കൊണ്ടാണ് വിവാഹമോചനം നടന്നത്, ഇത് കൊണ്ടാണ് എന്നൊക്കെ. മറ്റൊരാളുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുയില്ല. അത് കൊണ്ട് അങ്ങനെയാണെന്ന് സ്വയം വിധിക്കും. പക്ഷേ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഇവരൊന്നും ചിന്തിക്കാറില്ല.
പരസ്പര സമ്മതത്തോടെയായിരുന്നു ഞങ്ങളുടെ വിവാഹമോചനം. യാതൊരു ബഹളങ്ങളുമില്ലായിരുന്നു. മാത്രമല്ല ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വിളിക്കുകയും വിശേഷങ്ങള്‍ ചോദിക്കാറുമുണ്ട്. എന്നിരുന്നാലും അവസ്ഥ അഭിമുഖീകരിക്കാന്‍ എനിക്ക് തെറാപ്പി ആവശ്യമായി വന്നിരുന്നു. രണ്ട് മാസം തെറാപ്പി ചെയ്തു. വിഡിയോ കോള്‍ വഴിയാണ് തെറാപ്പി ചെയ്തത്.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്നും പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കാലം മുന്നോട്ട് പോയപ്പോള്‍ ഞങ്ങളുടെ ഐഡിയോളജി രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന് ഞങ്ങള്‍ കുറേ നോക്കി. പക്ഷേ അതിന് ഞങ്ങളിലൊരാള്‍ വിട്ടുവീഴ്ച ചെയ്യണമായിരുന്നു.
വിട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തി വിരല്‍ ചൂണ്ടും. അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ജീവിക്കാന്‍ തീരുമാനിച്ചതോടെയുമാണ് ഞങ്ങള്‍ പിരിഞ്ഞത്. പരസ്പരമുള്ള ആശയവിനിമയം ഒരു പ്രധാന കാര്യമാണെന്ന് ഇതില്‍ നിന്നും പഠിച്ചു'', ഗൗതമി പറഞ്ഞു
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു ഗൗതമിയുടെ രണ്ടാമത്തെ ചിത്രം. പിന്നീട് ചാപ്‌റ്റേഴ്‌സ്, കൂതറ, കാമ്പസ് ഡയറി, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ വൃത്തം എന്ന സിനിമ സംവിധാനം ചെയ്തു.
എംഎസ്എസി ക്ലിനിക്കല്‍ സൈക്കോളജി പൂര്‍ത്തിയാക്കിയ ഗൗതമി ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ന്യൂറോ സയന്‍സില്‍ റിസേര്‍ച്ച് ചെയ്യുകയാണ്.
Content Highlights: Gauthami Nair about her divorce, srinath rajendran, therapy, mental health