ജി.കെ.പിള്ളയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

വര്ക്കല: അന്തരിച്ച നടന് ജി.കെ.പിള്ളയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിടനല്കി. വെള്ളിയാഴ്ച വൈകീട്ട് 4.45-ന് പോലീസ് ഗാര്ഡ് ഓഫ് ഓണര് നല്കി. ആറോടെ മകന് ചന്ദ്രമോഹന് ചിതയ്ക്ക് തീകൊളുത്തി. രാഷ്ട്രീയ, കലാ, സാംസ്കാരിക പ്രവര്ത്തകരും സ്നേഹിതരും നാട്ടുകാരുമുള്പ്പെടെ വലിയൊരു ജനാവലിയുടെ സാന്നിധ്യത്തിലാണ് അന്ത്യകര്മങ്ങള് നടന്നത്. വിവിധ മേഖലയിലുള്ള നിരവധിപേര് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്പ്പിക്കാനെത്തി.
മന്ത്രിമാരായ വി.എന്.വാസവന്, സജി ചെറിയാന്, ജി.ആര്.അനില്, മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, കെ.പി.സി.സി. മുന് പ്രസിഡന്റ് വി.എം.സുധീരന്, ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്, എം.എല്.എ.മാരായ വി.ജോയി, കെ.ബാബു, മുന് എം.എല്.എ. വര്ക്കല കഹാര്, ജില്ലാപ്പഞ്ചായത്തംഗം ഗീതാ നസീര്, വര്ക്കല നഗരസഭാ ചെയര്മാന് കെ.എം.ലാജി, ചിറയിന്കീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, നടന് സുധീര് കരമന, സംവിധായകന് അരുണ് ഗോപി, എഴുത്തുകാരന് എസ്.ഭാസുരചന്ദ്രന് തുടങ്ങിയവര് അന്ത്യോപചാരം അര്പ്പിച്ചു.
മുഖ്യമന്ത്രിക്കു വേണ്ടി വി.ജോയി എം.എല്.എ. പുഷ്പചക്രം അര്പ്പിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനു വേണ്ടി കെ.ആര്.അനില്കുമാര് പുഷ്പചക്രം സമര്പ്പിച്ചു. അമ്മ സംഘടനയ്ക്കു വേണ്ടി സുധീര് കരമനയും ആക്ടയ്ക്കു വേണ്ടി വഞ്ചിയൂര് പ്രവീണ്കുമാര്, രാജ്കുമാര്, മുന്ഷി രഞ്ജിത്ത്, ചെറുന്നിയൂര് ബാബു എന്നിവരും പുഷ്പചക്രം അര്പ്പിച്ചു.
Content Highlights: