പവൻ കല്ല്യാൺ ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടിത്തം; സെറ്റിന്റെ ഭൂരിഭാഗവും കത്തിനശിച്ചു

തെലുങ്ക് താരം പവൻ കല്ല്യാണിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടിത്തം. 'ഹരി ഹര വീര മല്ലു' എന്ന ചിത്രത്തിനായി ഹൈദരാബാദിലെ ഡുണ്ടിഗൽ എന്ന സ്ഥലത്ത് ഒരുക്കിയ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഷൂട്ടിങ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചുവെന്നും വലിയ നാശനഷ്ടം ഉണ്ടായെന്നുമാണ് റിപ്പോർട്ടുകൾ. അപകടം നടക്കുമ്പോൾ സെറ്റിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ വലിയൊരു ദുരന്തം ഒഴിവായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഡുണ്ടിഗൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ സെറ്റിന് കാര്യമായ നാശനഷ്ടം സംഭവിച്ചതിനാൽ പുതിയ സെറ്റ് നിർമിക്കേണ്ടി വരും. ഇക്കാരണം കൊണ്ടുതന്നെ സിനിമയുടെ ചിത്രീകരണം വെെകുമെന്നാണ് വിവരങ്ങൾ. ഒക്ടോബറിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന ചിത്രമാണിത്.
കൃഷ്‍ ജഗർലമുഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഹരി ഹര വീര മല്ലു'. അർജുൻ രാംപാൽ, നർഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എ ദയകർ റാവു, എ.എം. രത്‍നം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. എം.എം. കീരവാണിയാണ് സംഗീതം.
Content Highlights: Fire breaks out on the sets of Pawan Kalyan’s Hari Hara Veera Mallu movie