തമിഴകത്ത് സോളോ നായകനായി ഫഹദ്; കൂടെ '96' സംവിധായകനും; 'അശരീരി' ടൈറ്റിൽ വീഡിയോ

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ - സി. പ്രേംകുമാർ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ടു. 'അശരീരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2027 ജനുവരി ഒന്നിന് പുതുവത്സര സമ്മാനമായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഫഹദ് ഫാസിലിന്റെ തമിഴിലെ ആദ്യ സോളോ നായക വേഷം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
'96', 'മെയ്യഴകൻ' എന്നീ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സി. പ്രേംകുമാർ, തന്റെ പതിവ് ഫീൽ-ഗുഡ് ശൈലിയിൽ നിന്നും മാറി ഒരു ത്രില്ലർ ചിത്രവുമായാണ് ഇത്തവണ എത്തുന്നതെന്ന സൂചനയാണ് ടൈറ്റിൽ വീഡിയോ നൽകുന്നത്. ഫഹദ് ഫാസിലിനൊപ്പം ശിവദയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചേതൻ, ഗീത, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
വേൽസ് ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ ഡോ.ഇഷാരി കെ ഗണേഷ്, മൺസൂൺ മൂവീസുമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭാവന റിലീസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും.
സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: മഹേന്ദിരൻ ജയരാജു, എഡിറ്റിംഗ്: ആർ. ഗോവിന്ദരാജ്, ആക്ഷൻ: മഹേഷ് മാത്യു, പ്രൊഡക്ഷൻ ഡിസൈൻ: കുമാർ ഗംഗപ്പൻ, തെലുങ്ക് വിതരണം: ഷോയിംഗ് ബിസിനസ് (എസ്.എസ്. കാർത്തികേയ). പിആർഒ ആതിര ദിൽജിത്ത്.
Content Highlights: The title video for Asareeri, marking Fahadh Faasil's first solo lead role in Tamil cinema and directed by 96 and Meiyazhagan fame C. Premkumar, has been officially released—teasing a genre shift into thriller territory ahead of its worldwide theatrical release on January 1, 2027, co-starring Sshivada with music by Govind Vasantha.