ഉണ്ണി മുകുന്ദന്റെ വീട്ടിൽ ഇ.ഡി സംഘം എത്തിയത് രണ്ട് കാറിൽ, നാല് മണിക്കൂർ നീണ്ട പരിശോധന

ഒറ്റപ്പാലം: നടനും നിർമാതാവുമായ ഉണ്ണി മുകുന്ദന്റെ പാലപ്പുറത്തെവീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മേപ്പടിയാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട പണമിടപാടിനെക്കുറിച്ച് ലഭിച്ച പരാതിയിലാണ് പരിശോധന. ഇ.ഡി. കൊച്ചി-കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാലപ്പുറം എസ്.ആർ.കെ. വീടിനോടുചേർന്നുള്ള ഓഫീസിലേക്ക് ഇ.ഡി.സംഘം എത്തിയത്. രണ്ട് കാറിലായാണ് ഇവരെത്തിയത്. ഒരു കാറിൽ സായുധസുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. നാല് മണിക്കൂറിനുശേഷമാണ് ഇവർ മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ഉണ്ണി മുകുന്ദൻ നിർമിക്കുകയും അഭിനയിക്കയും ചെയ്യുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ. റെയ്ഡുമായി ബന്ധപ്പെട്ട വാർത്ത ഉണ്ണിമുകുന്ദന്റെ അച്ഛൻ നിഷേധിച്ചു. വന്നത് സിനിമയുമായി ബന്ധപ്പെട്ട് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി. ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. പരിശോധന നടക്കുന്നസമയം ഉണ്ണിമുകുന്ദൻ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു പരിപാടിക്കായി പുറത്തേക്ക് പോവുകയും ചെയ്തു.
Content Highlights : Enforcement Directorate raid at actor Unni Mukundan's office
Content Highlights: