'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ എന്നെ മാത്രം'; 'ഐ ആം ഗെയി'മിനെക്കുറിച്ച് ആരാധകന് ദുൽഖറിന്റെ മറുപടി

ഒടുവിൽ പുറത്തിറങ്ങിയ തന്റെ ചിത്രം 'ഐ ആം ഗെയിം' ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്തതിൽ ആരാധകന്റെ ആശങ്കകൾക്ക് മറുപടിയുമായി ദുൽഖർ സൽമാൻ. ചിത്രത്തിന്റെ പ്രകടനത്തിൽ ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ അത് തന്നെ മാത്രമാണെന്ന് ദുൽഖർ എക്‌സിൽ മറുപടി നൽകി. ലോക സിനിമയിൽ ഒരു നിർമാണക്കമ്പനിയും നടനും ബോധപൂർവം തെറ്റുകൾ വരുത്തില്ലെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു.
പിറന്നാൾ ദിനത്തിൽ ദുൽഖറിന്റെ ആശംസയ്ക്കായി നാലുവർഷമായി പരിശ്രമിക്കുന്ന ആരാധകന് താരം മറുപടി നൽകിയിരുന്നു. ഇതിന് താഴെയാണ് മറ്റൊരു ആരാധകൻ 'ഐ ആം ഗെയി'മിന്റെ പ്രകടനത്തിൽ ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫെറർ ഫിലിംസിനെ കുറ്റപ്പെടുത്തിയത്. 'നിങ്ങളുടെ കരിയർ തന്നെ വേഫെറർ നശിപ്പിച്ചു', എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തതിലെ പോരായ്മകളെക്കുറിച്ച് ആരാധകൻ ഓർമിപ്പിച്ചത്. ഇതിനാണ് ദുൽഖർ ദീർഘമായ മറുപടി നൽകിയത്.
'നിങ്ങളുടെ കരുതലിൽ സന്തോഷം. എന്നാൽ, നിങ്ങൾക്ക് അറിയാത്ത പലകാര്യങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട്. ചിലപ്പോൾ ഏറ്റവും മികച്ച ഉദ്ദേശ്യത്തോടെ പ്രൊഡക്ഷൻ ഹൗസുകൾ ചെയ്യുന്ന കാര്യം പോലും കൈയിൽ നിൽക്കാതെ പോവും. എന്തായാലും ഏറ്റവും മികച്ചത് മാത്രം നൽകാനുള്ള ശ്രമം തുടരും', ദുൽഖർ കുറിച്ചു.
'നിങ്ങളുടെ വിലയിരുത്തൽ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. ഏറെക്കുറെ ശരിയുമായിരുന്നു. എന്നെ വിശ്വസിക്കൂ, ഇക്കാര്യങ്ങളൊക്കെ ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, ഞങ്ങളുടെ ഭാഗത്ത് എല്ലാം ശരിയായി ചെയ്താലും, ചില ബാഹ്യഘടങ്ങൾ കാരണം അത് കീഴ്‌മേൽ മറിയാം. ഒരു സിനിമയുടെ അന്തിമഫലത്തെക്കുറിച്ച് വിശകലനം ചെയ്യുന്നത് എളുപ്പമാണ്. എന്നാൽ, ഒരു സിനിമ നിർമിക്കാൻ ഇരുനൂറോ മുന്നൂറോപേരുടെ അധ്വാനമുണ്ട്. അതൊരിക്കലും എളുപ്പമോ ലളിതമോ ആയിരുന്നില്ല. എന്തെങ്കിലും ഫോർമുലകളോ അക്കാദമിക്‌സോ ഉപയോഗിക്കാൻ പറ്റില്ല. ലോക സിനിമയിൽ ഒരു നിർമാണക്കമ്പനിയും നടനും ബോധപൂർവം തെറ്റുചെയ്യുകയോ മോശം സിനിമയുണ്ടാക്കുകയോ ചെയ്യില്ല. ജീവിതത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നപോലെ കാര്യങ്ങൾ നീങ്ങുമോ? അപ്പോൾ അകത്തും പുറത്തുനിന്നുമായി ഒട്ടേറെ സംഘങ്ങളായി പ്രവർത്തിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഞാനെപ്പോഴും എന്റെ ടീമിനൊപ്പം നിൽക്കും. ആരെയെങ്കിലും നിങ്ങൾക്ക് കുറ്റപ്പെടുത്തണമെങ്കിൽ അതെന്നെയാവാം', താരം കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫാന്റസി- ആക്ഷൻ ചിത്രമാണ് 'ഐ ആം ഗെയിം'. ഓണം റിലീസായി പ്രഖ്യാപിച്ച ചിത്രം പിന്നീട് സെപ്റ്റംബർ മൂന്നിനാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും ബോക്‌സ് ഓഫീസ് കണക്കുകളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസം ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖറിന് പുറമെ, ആന്റണി വർഗീസ്, മിഷ്‌കിൻ, കതിർ, വിനയ് ഫോർട്ട്, കയാദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
Content Highlights: Dulquer Salmaan addressed fan concerns regarding the box office performance of his film 'I Am Game'. Responding to criticism against Wayfarer Films, Dulquer stated that if anyone is to be blamed, it should be him alone. He emphasized that no production house or actor intentionally makes mistakes or creates poor films. He highlighted that external factors beyond control can impact a film's outcome despite best efforts. Directed by Nahas Hidhayath, the fantasy-action film released in theatres on September 3.