'അവിടെപ്പോയി മലയാളം പടം ചെയ്യും, ഇവിടെ വന്ന് തെലുങ്ക് പടം ചെയ്യും'; ട്രോളുകളെക്കുറിച്ച് ദുൽഖർ

താൻ സിനിമാ നടനാവുന്നതിൽ പിതാവിന് ഭയമുണ്ടായിരുന്നുവെന്ന് നടൻ ദുൽഖർ സൽമാൻ. കൊച്ചിയിൽ തന്റെ പുതിയ തെലുങ്ക് ചിത്രം 'എ.ഒ.ടി'യുടെ പ്രീ- റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളുടെ സ്വപ്നങ്ങളിൽ രക്ഷിതാക്കളുടെ സ്വാധീനത്തെക്കുറിച്ചും ചിത്രം അത് കൈകാര്യം ചെയ്തതിനെക്കുറിച്ചും സംസാരിക്കവെയാണ് ദുൽഖർ തന്റെ അനുഭവം പങ്കുവെച്ചത്.
'എന്റെ പിതാവിന് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ശരിക്കും പേടിയായിരുന്നു. 'നീ ചെയ്യുമോ, വല്ലതും വരുമോ', അങ്ങനെയായിരുന്നു', ദുൽഖർ പറഞ്ഞു.
സിനിമ തന്നെയായിരുന്നു തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി ദുൽഖർ പറഞ്ഞു. 'സിനിമയിൽ വരുന്നതു തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ലക്ഷ്യം. ഇവിടെവരെ എത്തും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ എത്തുകയും ഇത്രയും വർഷം നിലനിൽക്കുകയും പ്രേക്ഷകരുടെ സ്നേഹം ലഭിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഒരു സ്വപ്ന ചിത്രമോ, കഥാപാത്രമോ കഥയോ ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല. എന്റെ ചിന്ത അങ്ങോട്ട് പോകാറില്ല. ഇപ്പോഴുള്ള ഓരോ നിമിഷവും അനുഭവിച്ചറിയുകയാണ്. അത്രയും ഭാഗ്യമുള്ള ആളാണ് ഞാൻ, ഇവിടെവരെ എത്തുമെന്ന് വിചാരിച്ചിട്ടില്ല', ദുൽഖർ കൂട്ടിച്ചേർത്തു.
ഭാഷകൾ മാറി സിനിമ ചെയ്യുന്നതിൽ തന്നെക്കുറിച്ചുവന്ന ട്രോളുകളോടും താരം പ്രതികരിച്ചു. 'വേറെ എവിടേയോ ഞാൻ വായിച്ചു, അവിടെപ്പോയി മലയാളം പടം ചെയ്യും. ഇവിടെ വന്ന് തെലുങ്ക് പടം ചെയ്യും എന്ന്', ട്രോളുകളെക്കുറിച്ച് ദുൽഖർ പറഞ്ഞു. 'ഐ ആം ഗെയിം' പോലെയല്ല 'എ.ഒ.ടി'. വേറൊരു ജോണർ പടമാണ്. എന്നാൽ, തെലുങ്ക് സിനിമയായി ഇത് തോന്നില്ല. ഇന്ത്യയിൽ ഏതൊരു ഗ്രാമത്തിലും നാട്ടിലും നടക്കാവുന്ന കഥയാണ്', ദുൽഖർ പറഞ്ഞു.
'ഒരുപാട് നെഗറ്റീവുകൾ ഉണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളുടെ വലിയ ഗുണം, നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരിടം നൽകുന്നു എന്നതാണ്. ഞങ്ങളുടെ കൂടെ വേറൊരു തിമിംഗലവും കൂടെ വരുന്നുണ്ട്, 'ഓം'. രണ്ടും രണ്ട് ഭാഷയും ജോണറുമാണ്. അതും ഇതും കാണുക. നല്ല സിനിമകൾ എവിടെയാണെങ്കിലും പോയി കാണുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് മലയാളികൾ. ഇപ്പോൾ എല്ലാ ഭാഷകളിലും അതുണ്ടെന്ന് തോന്നി. എല്ലാവരും പരസ്പരം നല്ല സിനിമകൾ കാണുന്നുണ്ട്. ഭാഷ തടസ്സമായി തോന്നിയിട്ടില്ല', നടൻ കൂട്ടിച്ചേർത്തു.
Content Highlights: Dulquer Salmaan shared that his father was initially anxious about his decision to become an actor during the Kochi pre-release event of his Telugu film 'A.O.T'. He playfully addressed social media trolls mocking his choice to act in Telugu films in Kerala and Malayalam films elsewhere. Dulquer clarified that 'A.O.T' differs in genre from 'I Am Game' and tells a universal village story that transcends regional boundaries. The actor urged audiences to watch both 'A.O.T' and Mammootty's upcoming film 'OM', noting that language is no longer a barrier for good cinema.