'ആകാശംലോ ഒക താര'യിലെ കൃഷ്ണയായി ദുൽഖർ; ജന്മദിന ആശംസകളുമായി ക്യാരക്ടർ പോസ്റ്റർ

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. താരത്തിന്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നൽകിക്കൊണ്ടാണ് കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. കൃഷ്ണ എന്നാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് കൂടാതെ ചിത്രത്തിലെ ആദ്യ ഗാനം 'ചിട്ടി ചിട്ടി ചീമ'യും ഇന്ന് പുറത്തു വരും.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, 'ആകാശംലോ ഒക താര' തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്.
വളരെ സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ദുൽഖർ ഈ ചിത്രത്തിലെത്തുന്നത് എന്ന സൂചനയാണ് കാരക്ടർ പോസ്റ്റർ നൽകുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തുവരികയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകളും നായികയെ അവതരിപ്പിച്ചു കൊണ്ട് നേരത്തേയെത്തിയ ഗ്ലിംബ്സ് വീഡിയോയും നൽകുന്നത്.
മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, പ്രഭാസിൻ്റെ കൽക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. ദുൽഖറിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ചിത്രമായാവും ഇതെത്തുക എന്നാണ് സൂചന. ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി 'ആകാശം ലോ ഒക താര' പ്രദർശനത്തിന് എത്തും. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ ആണ്. പിആർഒ -ശബരി.
Content Highlights: On the occasion of Dulquer Salmaan's birthday, the makers of his upcoming pan-Indian feel-good drama Aakasamlo Oka Tara unveiled his character poster as 'Krishna' alongside the announcement of its first song, Chitti Chitti Cheema.