പ്രധാന നടീനടന്മാർക്ക് 35 കോടി കൊടുക്കുന്ന സിനിമകളുണ്ട്, എനിക്ക് ചെലവായത് ഒന്നരക്കോടി -വിനയൻ

റിലീസ് ചെയ്ത് ഒരുമാസം ആകാനൊരുങ്ങുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചരിത്രസിനിമയ്ക്ക് നൽകിയ വരവേല്പിന് നന്ദി പറഞ്ഞ് സംവിധായകൻ വിനയൻ. വലിയ താരമുല്യമൊന്നും ഇല്ലാതിരുന്ന യുവ നടൻ സിജു വിത്സൺ തകർത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇപ്പോഴത്തെ പുതിയ പരസ്യതന്ത്രങ്ങളുടെ ഗിമിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും, ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തീയറ്ററുകളിൽ ആവേശം നിറച്ച് ഇപ്പഴും ഈ സിനിമ പ്രദർശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നൽകുന്നുവെന്ന് വിനയൻ എഴുതി. അന്യഭാഷാ ചിത്രങ്ങളോടപ്പം കിടപിടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയും ആക്ഷൻ രംഗങ്ങളുടെ പെർഫക്ഷനും പത്തൊൻപതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീർച്ചയായും കാണണമെന്ന് യുവാക്കളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആർട്ടിസ്റ്റുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്നു ചർച്ച ചെയ്യപ്പെടുമ്പോൾ അതു പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാൻ കാണുന്നു. ഇതിലും ശക്തവും ടെക്നിക്കൽ പെർഫക്ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാൻ നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണം. അദ്ദേഹം എഴുതി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് പത്തൊമ്പതാം നൂറ്റാണ്ട് നിർമിച്ചത്. കയാദു ലോഹർ, ദീപ്തി സതി, അനൂപ് മേനോൻ, പൂനം ബജ്‌വ, ചെമ്പൻ വിനോദ്, സുദേവ് നായർ, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.
Content Highlights: director vinayan about pathonpatham noottandu success, siju wilson