ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം നൽകും

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽനിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽനിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതോടെ ഓൺലൈനായി അപ്‌ലോഡ് ചെയ്യും. രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

കുറ്റപത്രം എത്ര പേജാണെന്ന് വ്യക്തമല്ല. രഞ്ജിത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് റിപ്പോർട്ട്. സാക്ഷി മൊഴികൾ, സാഹചര്യത്തെളിവുകൾ എന്നിവ രഞ്ജിത്തിന് പ്രതികൂലമാണ്. ഈ തെളിവുകൾ പോലീസ് നേരത്തെ ശേഖരിച്ചിട്ടുണ്ട്.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറി എന്നാണ് യുവനടിയുടെ പരാതി. രഞ്ജിത് പുതുതായി സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് ഈ പരാതിക്കാരി. മാനഭംഗം, ലൈംഗികാതിക്രമം, തടഞ്ഞുവെയ്ക്കൽ, അശ്ലീല ആംഗ്യം കാണിക്കൽ എന്നീ നാല് വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാർച്ച് 28-ാം തിയ്യതിയാണ് പരാതി ലഭിക്കുന്നത്. പിന്നാലെ എറണാകുളം നോർത്ത് വനിതാ സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തൊടുപുഴയിൽവെച്ച് അറസ്റ്റിലായ രഞ്ജിത് നിലവിൽ ജാമ്യത്തിലാണ്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Content Highlights: Police to file charge sheet against director Ranjith following a two-and-a-half-month investigation., Case involves charges of sexual assault, molestation, and wrongful restraint., Evidence includes witness statements and circumstantial proof related to the Fort Kochi incident., Ranjith is currently out on bail following his arrest in Thodupuzha.