ഹനുമാനാകാന്‍ ആദ്യം സമീപിച്ചത് മൂന്ന് സൂപ്പർതാരങ്ങളെ, പക്ഷേ...; വെളിപ്പെടുത്തലുമായി സംവിധായകൻ

പുതിയ ബോക്സോഫീസ് റെക്കോർഡുകൾ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ് തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ സംവിധാനം ചെയ്ത ഹനുമാൻ. പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രമായെത്തിയ ഹനുമാന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ആർക്കുമറിയാത്ത ഒരു രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശാന്ത് വർമ.
ഹനുമാൻ എന്ന ചിത്രത്തിലെ നായകവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തേജയെ അല്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വർമ വെളിപ്പെടുത്തിയിരിക്കുന്നത്. അല്ലു അർജുൻ, രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവരെ തിരക്കഥയുമായി സമീപിച്ചിരുന്നെന്നും തിരക്കുകൾ കാരണം അവർ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് പ്രശാന്ത് വർമ പറഞ്ഞത്.
താരങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിന് താൻ എതിരല്ലെന്നും അവർക്കൊപ്പം സിനിമ ചെയ്യുന്നതിന് സമയമെടുക്കുമെന്നും പ്രശാന്ത് പറഞ്ഞു. “ഏതാനും താരങ്ങൾക്കുവേണ്ടി കുറച്ചധികം സമയം കാത്തിരുന്നു. എന്റെ സമയത്തിന്റെ നല്ലൊരു പങ്കും ഞാൻ കളഞ്ഞു. ഈ തോന്നലുണ്ടായതിന് ശേഷമാണ് ഒരു ഡെഡ്ലൈൻ വെയ്ക്കാൻ തീരുമാനിച്ചത്. അതിനുശേഷം സാക്ഷാൽ ടോം ക്രൂസ് വന്നാൽപ്പോലും എന്റെ കയ്യിലുള്ളവരെവെച്ച് പടം തുടങ്ങുമെന്ന് മനസിലുറപ്പിച്ചു. താരങ്ങൾക്കൊപ്പം ജോലി ചെയ്യാൻ വേണ്ടിയല്ല ഞാൻ സിനിമയിലേക്ക് വന്നത്.” പ്രശാന്ത് വർമ വ്യക്തമാക്കി.
അല്ലു അർജുൻ, രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവർക്കായി കാത്തിരുന്നതിനേക്കുറിച്ചും പ്രശാന്ത് വർമ വിശദീകരിച്ചു. “പലരും താത്പര്യമില്ല എന്ന് നേരിട്ടുപറഞ്ഞില്ല. പക്ഷേ അവർ അയച്ച സന്ദേശങ്ങൾ അത് വ്യക്തമാക്കുന്നതായിരുന്നു. എന്റെ കഥയെ പ്രശംസിച്ചവർ പൊടുന്നനെ അപ്രത്യക്ഷമാകുന്നതിനേക്കുറിച്ചോർത്ത് ആദ്യമൊക്കെ ആശയക്കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ ഇപ്പോളവരുടെ സമ്മർദം ഞാൻ മനസിലാക്കുന്നു.” പ്രശാന്ത് വർമ പറഞ്ഞു.
ഹനുമാൻ കഴിഞ്ഞാൽ ഉടൻ എന്തുചെയ്യണമെന്നതിനെക്കുറിച്ച് നേരത്തെ തന്നെ പ്ലാൻ ഉണ്ടായിരുന്നുവെന്നും പ്രശാന്ത് വർമ കൂട്ടിച്ചേർത്തു. 250 കോടിയാണ് ചിത്രം ഇതുവരെ ആഗോളതലത്തിൽ സ്വന്തമാക്കിയത്.
Content Highlights: director prashanth varma, first choices of hanuman movie hero