കിടിലൻ തിരക്കഥ, വിട്ടുവീഴ്ചകൾ വരുത്താതെ ഒരുക്കി; പടയ്ക്ക് അഭിനന്ദനവുമായി പാ രഞ്ജിത്

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന പടയ്ക്ക് അഭിനന്ദനവുമായി സംവിധായകൻ പാ രഞ്ജിത്ത്. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം പടയുടെ താരങ്ങളേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചിരിക്കുന്നത്.
തിരക്കഥയാണ് പടയെ കൂടുതൽ സ്പെഷ്യലാക്കുന്നതെന്ന് പാ രഞ്ജിത്ത് പറഞ്ഞു. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം വിട്ടുവീഴ്ചകൾ വരുത്താതെയാണ് ഒരുക്കിയിരിക്കുന്നതെന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കുറിച്ചു.
ആദിവാസികൾക്കും ദളിതർക്കും അവകാശപ്പെട്ട ഭൂമി അവർക്കുതന്നെ തിരിച്ചുനൽകണം. അതിന് വേണ്ടിയാണ് നമ്മളെല്ലാവരും പോരാടുന്നത്. ഗംഭീര പ്രകടനമാണ് എല്ലാ നടീനടന്മാരും കാഴ്ചവെച്ചതെന്നും പാ രഞ്ജിത്ത് കുറിച്ചു.
ഈ മാസം 11-നാണ് പട തിയേറ്ററുകളിലെത്തിയത്. 1996-ല്‍ അയ്യങ്കാളിപ്പടയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറെ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കമല്‍ കെ.എമ്മാണ്.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണ് മുഖ്യവേഷത്തിൽ.
Content Highlights: director pa ranjith, malayalam movie pada, kunchacko boban, vinayakan, kamal km