'ആശയത്തോട് യോജിക്കുന്നു, സ്വാഗതം ചെയ്യുന്നു'; 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി'ൻ്റെ ഭാഗമല്ലെന്ന് ലിജോ

താൻ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന കൂട്ടായ്മയുടെ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താൻ യോജിക്കുന്നു എന്നും എന്നാൽ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും സംവിധായകൻ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകൻ്റെ പ്രതികരണം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന പേരിൽ പുതിയ സംഘടന വരുന്നത്. സംവിധായിക അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരും നേതൃനിരയിലുണ്ട്. സംഘടനയ്ക്കായി ആദ്യഘട്ട ചർച്ച നടത്തിയവരുടെ നിരയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉയർന്ന് കേട്ടിരുന്നു.
തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്.
Content Highlights: director lijo jose pellissery about progressive film makers