‘ഉള്ളകാര്യം മുഖത്തുനോക്കി പറയും; ദേഷ്യംകൊണ്ടല്ല, സ്നേഹംകൊണ്ടാണ്’; മമ്മൂട്ടിയെക്കുറിച്ച് മാർത്താണ്ഡൻ

#Movies Desk
ജി. മാര്‍ത്താണ്ഡന്‍ മമ്മൂട്ടിക്കൊപ്പം, കെ. റഫീഖും മമ്മൂട്ടിയും | Photo: Facebook/ Mollywood Connect, G.Marthandan
ജി. മാര്‍ത്താണ്ഡന്‍ മമ്മൂട്ടിക്കൊപ്പം, കെ. റഫീഖും മമ്മൂട്ടിയും | Photo: Facebook/ Mollywood Connect, G.Marthandan

സിപിഎം സൈബർ ആക്രമണത്തിനിടെ മമ്മൂട്ടിയെ പിന്തുണച്ച് സംവിധായകൻ ജി. മാർത്താണ്ഡൻ. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത വലിയ മനുഷ്യനാണ് മമ്മൂട്ടിയെന്ന് മാർത്താണ്ഡൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സിനിമയിൽ മാത്രമാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഉള്ളകാര്യം ആരുടേയും മുഖത്തുനോക്കി പറയും. അത് ദേഷ്യംകൊണ്ടല്ല, സ്‌നേഹംകൊണ്ടാണെന്നും മാർത്താണ്ഡൻ കൂട്ടിച്ചേർത്തു.

'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ', എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് ഇടത് സൈബർ ഹാൻഡിലുകളെ ചൊടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുനടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

ജി. മാർത്താണ്ഡന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട മമ്മൂട്ടി സാർ. എന്നും നെഞ്ചോട് ചേർത്ത് നിർത്താൻ മാത്രം അറിയുന്ന ഒരു വ്യക്തിത്വം. ഉള്ള കാര്യം ആരുടെയും മുഖത്ത് നോക്കി പറയും. ദേഷ്യംകൊണ്ടല്ല സ്‌നേഹം കൊണ്ടാണ്. സ്‌നേഹിക്കാൻ മാത്രമേ അദ്ദേഹത്തിന് അറിയൂ. ഒരുപാട് വർഷങ്ങളായി ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്ന കാലം തൊട്ട് അടുത്തറിഞ്ഞതാണ്.

ഒരിക്കൽ എനിക്കൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോൾ, അങ്ങനെ പറഞ്ഞാൽ പോരാ നല്ലൊരു കഥയുമായി വരണമെന്ന് പറഞ്ഞു ചേർത്ത് നിർത്തി എന്നെ സംവിധായകനാക്കി. ഒരു സംവിധായകനാകുമ്പോൾ സമൂഹത്തിൽ നമുക്ക് കിട്ടുന്ന വിലയും നിലയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

എന്നെപ്പോലെ എഴുപതോളം പുതിയ സംവിധായകരെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. ലോക സിനിമയിൽ ആരും ചെയ്യാത്തകാര്യമാണ് സാർ ചെയ്തിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയം സാറിനുണ്ടെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരോടും ഒരേപോലെ സ്‌നേഹിക്കുന്ന വ്യക്തിത്വമാണ്. എനിക്ക് അറിയാവുന്ന കാര്യമാണ്. എനിക്ക് അറിയാവുന്ന കാര്യം ഞാൻ ഷെയർ ചെയ്യുന്നു. സിനിമയിൽ മാത്രമാണ് സാർ അഭിനയിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത ഒരു വലിയ മനുഷ്യനാണ്. സോഷ്യൽ മീഡിയയിൽ സാറിനെക്കുറിച്ച് ചില വാർത്തകൾ കണ്ടപ്പോൾ എനിക്ക് ഇങ്ങനെ എഴുതണമെന്ന് തോന്നി.

Content Highlights: Director G. Marthandan publicly supports Mammootty against cyber criticism. Highlights Mammootty's mentorship of over 70 new directors. Clarifies that Mammootty's blunt nature stems from love, not anger. Emphasizes Mammootty's non-political, inclusive personality