'ധ്രുവനച്ചത്തിരം' റിലീസ്; പുതിയ തിയ്യതി തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍

ട്രെയ്‌ലറിലെ രംഗം
ട്രെയ്‌ലറിലെ രംഗം

ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന വിക്രം-ഗൗതം മേനോന്‍ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. നവംബര്‍ 24-ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ബുക്കിങ് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് ക്ഷമാപണ കുറിപ്പുമായി ഗൗതം മേനോന്‍ രംഗത്തെത്തിയത്.  ചിത്രം നിശ്ചയിച്ച സമയത്തുതന്നെ തിയേറ്ററുകളിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു.

സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന്‍ പ്രമുഖ ബാനറില്‍നിന്നു വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്‌നമെന്നാണ് വിവരം. രണ്ടു കേസുകളാണ് 'ധ്രുവനച്ചത്തിരം' റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയുമുള്ളത്. കടം വാങ്ങിയ  പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഡിസംബര്‍ 8-ന് എത്തുമെന്നാണ് ഏതാനും ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ശ്രദ്ധനേടിയിരുന്നു. വിക്രമിനൊപ്പം വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് 2018-ല്‍ ഷൂട്ട് നിര്‍ത്തിവെച്ചു. കുറച്ച് നാള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 

ആറ് വര്‍ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഗൗതം വാസുദേവ് മേനോനും സംഘത്തിനും കഴിഞ്ഞത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ  ടീസറുകളും പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വര്‍മ, പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍, അര്‍ജുന്‍ ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പി. മദന്‍, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിര്‍മാണം.

Content Highlights: Dhruva Natchathiram release date Chiyaan Vikram Vinayakan simran rithu varma Gautham Menon