'നിങ്ങളെന്താണ് ഈ സിനിമയിൽ ചെയ്തുവെച്ചിരിക്കുന്നതെന്ന് അറിയാമോ‌?', വിനായകനെ പ്രശംസിച്ച് ഗൗതം മേനോൻ

ഗൗതം വാസുദേവ് മേനോൻ, വിനായകൻ | ഫോട്ടോ: രമേശ് വി., ബി. മുരളികൃഷ്ണൻ \ മാതൃഭൂമി
ഗൗതം വാസുദേവ് മേനോൻ, വിനായകൻ | ഫോട്ടോ: രമേശ് വി., ബി. മുരളികൃഷ്ണൻ \ മാതൃഭൂമി

കൈകാര്യം ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള താരങ്ങളില്‍ ഒരാളാണ് വിനായകനെന്ന് സംവിധായകൻ ​ഗൗതം വാസുദേവ് മേനോൻ. പല സീനുകളിലും വിനായകന് വിക്രം മേക്കപ്പ് ചെയ്തു കൊടുത്തിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. 'ധ്രുവനച്ചത്തിരം' എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ​ഗൗതം മേനോൻ.  

‘കെെകാര്യം ചെയ്യാൻ പ്രയാസമുള്ള നടന്മാരിലൊരാളാണ് വിനായകൻ സാർ. കാരണം കഥാപാത്രത്തിന്റെ സ്റ്റൈൽ, വേഷം, ഞാന്‍ എന്താണ് ആ കഥാപാത്രത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂഡ് എന്നെല്ലാം വിശദമായി അദ്ദേഹത്തിന് അറിയണം. വിനായകൻ സാറിന്റെ പ്രകടനത്തിൽ വിക്രം സാർ ഓക്കെയാകണം, താൻ നിഴലിലായിപ്പോയെന്ന ചിന്തയുണ്ടാകാനും പാടില്ല. പക്ഷേ വിക്രം സാർ വളരെ കൂൾ ആയിരുന്നു. പല സീനുകളിലും സ്പോട്ടിൽ ഇരുന്ന് അദ്ദേഹത്തിന് വിക്രം സർ മേക്കപ്പ് ചെയ്തുകൊടുക്കുക പോലുമുണ്ടായി. വിനായകൻ സാറിന് പരിക്കുപറ്റിയ ഒരു സംഘട്ടന രം​ഗത്തിൽ ‘അത് ഇങ്ങനെ ചെയ്യാം‘ എന്നൊക്കെ പറഞ്ഞ് ഇരുവരും ചർച്ചകളൊക്കെ നടത്തി. എല്ലാവരേയും ഒരുമിച്ച് കാണുന്നത് തന്നെ നല്ലൊരു അനുഭവമായിരുന്നു. 

വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും മാനറിസവുമൊക്കെ മികച്ചതായിരുന്നു. ദിവ്യ ദർശിനിയാണ് വിനായകന്റെ കാര്യം പറയുന്നത്. ഒരു വില്ലനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് വിനായകൻ മികച്ചയാളാണെന്നും സിനിമ കണ്ടുനോക്കാനും പറയുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ്. ഈയടുത്ത് അദ്ദേഹം ഡബ്ബ് ചെയ്തിട്ട് പോയിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഒരു ദിവസം കൂടി വേണമായിരുന്നു. എന്നാൽ അദ്ദേഹത്തെ കിട്ടിയില്ല. ഞാൻ ഫോണിൽ വിനായകൻ സാറിന് ഒരു മെസേജ് അയച്ചു, ‘സർ, നിങ്ങൾ ഈ സിനിമയിൽ എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് താങ്കൾക്ക് അറിയില്ല. പക്ഷേ ഈ സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും’ വിക്രം സാറിനെ നായകനായി കിട്ടിയത് എന്റെ ഭാഗ്യമാണ്‘, ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞു. 

തമിഴ് സിനിമാലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലറാണ്. വിക്രമിനൊപ്പം വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആറ് വര്‍ഷം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ഗൗതം വാസുദേവ് മേനോനും സംഘത്തിനും കഴിഞ്ഞത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ  ടീസറുകളും പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. 

ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പി. മദന്‍, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിര്‍മാണം. നവംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും. 

Content Highlights: dhruva natchathiram movie director gautham vasudev menon about vinayakan and vikram