മോഹൻലാലിനെ നായകനാക്കി സിനിമ പദ്ധതിയുണ്ടോ? മറുപടിയുമായി ‘ഭീഷ്മപർവം’ തിരക്കഥാകൃത്ത്

മോഹൻലാലിനെ നായകനാക്കി സിനിമ പദ്ധതിയിട്ടിരുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മമ്മൂട്ടി ചിത്രം 'ഭീഷ്മപർവം' തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. മോഹൻലാലിനോട് കഥ പറഞ്ഞിരുന്നെങ്കിലും ചിത്രം യാഥാർഥ്യമായില്ലെന്ന് ഇൻസ്റ്റഗ്രാമിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ദേവദത്ത് പറഞ്ഞു. 'ഭീഷ്മപർവ'ത്തിൽ അമൽ നീരദിനൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായ ദേവദത്ത് ഷാജി, ധീരൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.
'അദ്ദേഹത്തോട് കഥ പറഞ്ഞു. എന്നാൽ, വർക്കൗട്ട് ആയില്ല. അടുത്ത തവണ നോക്കാം', എന്നായിരുന്നു ചോദ്യത്തിന് ദേവദത്തിന്റെ മറുപടി. 'എൽ'മായി ഒരു പടം ഉണ്ടെന്ന് അഭ്യൂഹങ്ങൾ കേട്ടിരുന്നു. എന്തെങ്കിലും സാധ്യതയുണ്ടോ', എന്നായിരുന്നു ചോദ്യം.
'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായി തുടങ്ങിയ ദേവദത്ത്, അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ'ത്തിന്റെ തിരക്കഥയിൽ പങ്കാളിയായിരുന്നു. ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. പിന്നാലെ, ജഗദീഷ്, അശോകൻ, മനോജ് കെ. ജയൻ, സുധീഷ്, വിനീത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ധീരൻ' എന്ന സിനിമയിലൂടെ സംവിധായകനായി. മികച്ച പ്രതികരണം ലഭിച്ചെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയമായിരുന്നില്ല.
രണ്ടാം പകുതിയിൽ എഴുത്തിലും അവതരണത്തിലും പാളിയതാണ് 'ധീരൻ' തിയേറ്ററിൽ ശ്രദ്ധനേടാതെ പോവാൻ കാരണമെന്ന് ദേവദത്ത് സ്വയം വിലയിരുത്തി. തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ കുറ്റം ഏറ്റെടുക്കുന്നതായും ദേവദത്ത് വ്യക്തമാക്കി. 'ധീരന്' രണ്ടാം ഭാഗം എടുക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ചിത്രത്തിലെ സംഭാഷണം ഓർമിപ്പിച്ചത് 'അത്രവലിയ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടീ', എന്നായിരുന്നു ദേവദത്തിന്റെ മറുചോദ്യം.
അടുത്ത ചിത്രത്തിന്റെ എഴുത്തും സംവിധാനവും താൻ തന്നെയായിരിക്കും. എഴുത്തും ചർച്ചകളും നടക്കുകയാണ്. മലയാളത്തിൽ പച്ചപിടിച്ചാൽ മാത്രമേ തമിഴിലേക്കുള്ളൂവെന്ന് സംവിധായകൻ മറുപടി നൽകി. നിവിനുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ദേവദത്ത് വെളിപ്പെടുത്തി. ‘സ്ഫടികവും’ ‘ഭൂതക്കണ്ണാടി’യുമാണ് ഇഷ്ടപ്പെട്ട മോഹൻലാൽ- മമ്മൂട്ടി സിനിമകൾ എന്നും ചോദ്യത്തിന് മറുപടിയായി ദേവദത്ത് പറഞ്ഞു.
Content Highlights: 'Bheeshma Parvam' co-writer and 'Dheeran' director Devadath Shaji addressed rumors regarding a film project with Mohanlal. Replying to a fan on Instagram, he confirmed narrating a story to Mohanlal, though the project did not work out. Devadath took responsibility for 'Dheeran' underperforming at the box office, citing flaws in the second half's writing and execution. He ruled out immediate plans for a 'Dheeran' sequel and expressed interest in collaborating with Nivin Pauly in the future. The filmmaker stated he is currently writing his next directorial venture and plans to focus on Malayalam cinema before exploring Tamil films.