നിർമാതാവും സംവിധായകനും തമ്മിൽ തർക്കം: ‘ഡിമോണ്ടെ കോളനി 3’ റിലീസ് തടഞ്ഞു

#സ്വന്തം ലേഖകൻ
'ഡിമോണ്ടെ കോളനി 3' പോസ്റ്റർ | Photo: X/ Passion Studios
'ഡിമോണ്ടെ കോളനി 3' പോസ്റ്റർ | Photo: X/ Passion Studios

ചെന്നൈ: അരുൾനിധി നായകനായ ‘ഡിമോണ്ടെ കോളനി 3’ സിനിമയുടെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. നിർമാതാക്കളായ വൈറ്റ് നൈറ്റ്സ് എന്റർടെയിൻമെന്റ്സും സംവിധായകൻ അജയ് ജ്ഞാനമുത്തുവും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് റിലീസ് സ്റ്റേ ചെയ്തത്.

സിനിമയുടെ നിർമാണം, വിതരണം, ഒ.ടി.ടി. ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടാക്കിയ കരാറുകൾ സംവിധായകൻ ലംഘിച്ചുവെന്നാണ് നിർമാതാവ് വിജയസുബ്രഹ്‌മണ്യന്റെ ഹർജിയിൽ പറയുന്നത്. അതിനാൽ സിനിമ തിയേറ്ററുകളിലോ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലോ പ്രദർശിപ്പിക്കുന്നതിൽനിന്ന് സംവിധായകൻ അജയ് ജ്ഞാനമുത്തുവിനെ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതിൽ വാദംകേട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ബെഞ്ച് അജയ് ജ്ഞാനമുത്തുവിൽനിന്ന് നാലാഴ്ചയ്ക്കകം വിശദീകരണംനൽകാൻ ഉത്തരവിട്ടു.

‘ഡിമോണ്ടെ കോളനി 2’ വൻ വിജയമായതിനെത്തുടർന്ന് 2023 ജനുവരി രണ്ടിന് താൻ സംവിധായകൻ അജയ് ജ്ഞാനമുത്തുവുമായി കരാർ ഒപ്പിട്ടുവെന്നും ഇതിൽ ചിത്രത്തിന്റെ മൂന്നും നാലും ഭാഗങ്ങളുടെ നിർമാണം, വിപണനം, ഒ.ടി.ടി. ബിസിനസ് ഉൾപ്പെടെയുള്ള കാര്യങ്ങളും വ്യക്തമാക്കിയിരുന്നു.

എന്നാൽ, തന്റെ അറിവില്ലാതെ സംവിധായകൻ പാഷൻ സ്റ്റുഡിയോസ് എന്ന കമ്പനിയുമായി കൈകോർത്ത് ചിത്രീകരണം തുടങ്ങി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പാഷൻ സ്റ്റുഡിയോ സാങ്കേതികസഹായം മാത്രമാണ് നൽകുന്നതെന്നും സുബ്രഹ്‌മണ്യൻ തന്നെയാണ് നിർമാതാവെന്നും വ്യക്തമാക്കി.

പിന്നീട് സംവിധായകനും പാഷൻസ്റ്റുഡിയോസും രഹസ്യമായി ചിത്രം സെൻസർചെയ്തു. പ്രൊമോഷണൽ മെറ്റീരിയലുകളിലോ ടൈറ്റിൽകാർഡുകളിലോ തന്റെ പേരോ പ്രൊഡക്‌ഷൻ കമ്പനിയുടെ വിവരമോ ഉൾപ്പെടുത്താതെ കരാറുകൾ ഒന്നടങ്കം ലംഘിച്ചുവെന്നും നിർമാതാവ് ഹർജിയിൽ വ്യക്തമാക്കി.

Content Highlights: Madras High Court stayed the release of Arulnithi starrer Demonte Colony 3. The stay order followed a petition filed by producer Vijay Subramaniam of White Knights Entertainments. The producer alleged that director Ajay Gnanamuthu violated production and OTT distribution agreements. Justice K. Kumaresh Babu directed the director to file a response within four weeks. The petitioner claimed the director secretly censored the movie and partnered with Passion Studios without consent.