പുകവലി, വീഡിയോ കോള്; കൊലക്കേസ് പ്രതിയ്ക്ക് എന്താ സുഖം, ദര്ശന് ജയിലില് വി.ഐ.പി സൗകര്യങ്ങള്

ബെംഗളൂരൂ: കൊലക്കേസില് പ്രതിയായ കന്നട താരം ദര്ശന് ജയിലില് വഴിവിട്ട സൗകര്യങ്ങള്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ദര്ശനെ പാര്പ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായാണ് ദര്ശന് ജയിലില് നടക്കുന്നത്.ഐ.എ.എന്.എസാണ് ദര്ശന്റെ ചിത്രങ്ങള് പുറത്ത് വിട്ടത്. ഒരു കയ്യില് കോഫി മഗും മറു കയ്യില് സിഗരറ്റും ദര്ശന്റെ കയ്യില് കാണാം. വീഡിയോ കോളിലൂടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാന് ദര്ശന് ഫോണ് ലഭിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുകളുണ്ട്. ജയിലില് നിന്ന് ദര്ശന് സംസാരിക്കുന്ന ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നു.
ചിത്രദുര്ഗ സ്വദേശിയായ രേണുകാസ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ദര്ശന് അറസ്റ്റിലായത്. കേസില് ദര്ശനും സുഹൃത്തായ നടി പവിത്ര ഗൗഡ എന്നിവരുള്പ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. കേസില് ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. പവിത്രയ്ക്കെതിരേ സാമൂഹിക മാധ്യമത്തില് മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങള് അയച്ചതുമാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
ചിത്രദുര്ഗയില്നിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡില്വെച്ചാണ് പ്രതികള് കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മര്ദിച്ചു. രേണുകാസ്വാമിയെ മര്ദിച്ച് കൊലപ്പെടുത്തുന്നതിന് മുന്പ് സംഭവസ്ഥലത്തെത്തിയ പവിത്ര യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചു. കൊലപാതക സംഘം യുവാവിന്റെ ജനനേന്ദ്രിയത്തില് ഷോക്കേല്പ്പിച്ചതായും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് കണ്ടെത്തി.കേസിലെ പ്രധാന തെളിവുകളായ ചെരിപ്പുകളും ദര്ശന്റെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടില്നിന്നാണ് പോലീസ് കണ്ടെടുത്തത്.
യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികള്ക്ക് ദര്ശന് പണം നല്കിയിരുന്നതായി അന്വേഷണത്തില് തെളിഞ്ഞിരുന്നു. ഇതിനായി 40 ലക്ഷം രൂപ ഒരു സുഹൃത്തില്നിന്ന് ദര്ശന് കടം വാങ്ങിയതായാണ് പോലീസിന്റെ റിമാന്ഡ് റിപ്പോര്ട്ടില് പറഞ്ഞിരുന്നത്. ഇതില് 37.4 ലക്ഷം രൂപയും നടന്റെ വീട്ടില്നിന്ന് പോലീസ് കണ്ടെടുത്തതായും റിപ്പോര്ട്ടിലുണ്ടായിരുന്നു.
Content Highlights: Coffee, Video call, Phone Cigarette: Murder accused Darshan’s Photos Go Viral, pavitra gowda