'ഇവരുടേത് സിനിമാ നിരൂപണം അല്ല, കൊല്ലലിനെ കാശാക്കിമാറ്റലാണ്'; 'രാസ്ത'യുടെ ഛായാഗ്രാഹകന്‍

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന സിനിമയ്‌ക്കെതിരേ ചില നിരൂപകര്‍ ബോധപൂര്‍വ്വം ആക്രമണം നടത്തുവെന്ന് ഛായാഗ്രാഹകന്‍ വിഷ്ണു നാരായണന്‍. സിനിമയില്‍ ഒന്നും തന്നെ കൊള്ളില്ല എന്ന് പറയുമ്പോള്‍ വിമര്‍ശനമായല്ല തോന്നുന്നതെന്നും പകരം സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഒരു കൂട്ടം ആള്‍ക്കാരുടെ പ്രയത്നത്തെ പരിഹസിക്കുന്നത് പോലെയാണ് തോന്നിയതെന്നും വിഷ്ണു നാരായണന്‍ പറയുന്നു.
വര്‍ഷങ്ങളോളം ആഗ്രഹിച്ചു കിട്ടിയ ഒരു കുഞ്ഞിനെ ജനിക്കുമ്പോള്‍ തന്നെ കൊല്ലുകയാണിവര്‍. ഇവരുടേത് സിനിമാ നിരൂപണം അല്ല, കൊല്ലലിനെ കാശാക്കിമാറ്റലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷ്ണു നാരായണന്റെ കുറിപ്പ്
പ്രിയപ്പെട്ടവരെ,
ആരും വിമര്‍ശനത്തിനതീതരല്ല... ഞാനും ,
മലയാള സിനിമയില്‍ എത്തിയിട്ട് 24 വര്‍ഷമായി , സ്വതന്ത്ര ഛായാഗ്രാഹകനായിട്ട് 13 വര്‍ഷവും ...
24 സിനിമകളോളം ചെയ്ത ഞാന്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്, അതുപോലെ തന്നെ പ്രശംസകളും ...
എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആയ ' രാസ്ത ' എന്ന സിനിമ ഇറങ്ങി ആദ്യ മണിക്കൂറുകളില്‍ക്കുള്ളില്‍ തന്നെ ഒരു 'റിവ്യൂ' എന്ന രീതിയില്‍ ആ സിനിമയെ ഇല്ലായ്മ ചെയ്യുന്ന ഒരു വീഡിയോ ഒരു വ്യക്തി ഇറക്കുകയുണ്ടായി.
സിനിമോട്ടോഗ്രാഫി എന്നല്ല, ആ സിനിമയില്‍ ഒന്നും തന്നെ കൊള്ളില്ല എന്നാണു അദ്ദേഹത്തിന്റെ നിഗമനം. ഇങ്ങനെ ആ സിനിമയെ പറയുന്നത് കാണുമ്പോള്‍ റിവ്യൂ ആയോ വിമര്‍ശനമായോ അല്ല തോന്നുന്നത്, പകരം സ്വന്തം റിച്ച്നു വേണ്ടി ഒരു കൂട്ടം ആള്‍ക്കാരുടെ പ്രയത്നത്തെ പരിഹസിക്കലായാണ് തോന്നിയത്... സിനിമ കണ്ടിറങ്ങിയ യഥാര്‍ത്ഥ പ്രേക്ഷകര്‍ വിളിച്ചു പറഞ്ഞ അഭിപ്രായം ആണ് ആ തോന്നലിനു കാരണം.
പിന്നെ ഉള്ള ഒരു വിമര്‍ശനം, മൊബൈലില്‍ ഷൂട്ട് ചെയ്തപോലെ, സൂം ചെയ്തു വെച്ചു എന്നൊക്കെയാണ് ... ഇങ്ങനെ ആധികാരികമായി അങ്ങുറപ്പിക്കരുത് എന്ന് എനിക്ക് പറയാനുണ്ട് ... നമുക്ക് പരിചിതമല്ലാത്ത, ഒട്ടും ഷൂട്ടിങ് ഫ്രണ്ട്‌ലി അല്ലാത്ത ഒരു സാഹചര്യത്തില്‍ എങ്ങനെയൊക്കെ ഷൂട്ട് ചെയ്യാമോ അങ്ങനെയൊക്കെയാണ് ഈ സിനിമയുടെ ഷൂട്ട് ഫിനിഷ് ചെയ്തത് ...
Whole crew പത്ത് ഇരുപതു ദിവസം കൊടും ചൂടിലും രാത്രിയിലെ തണുപ്പിലും തന്നെയാണ് 'രാസ്ത' ഷൂട്ട് ചെയ്തത് ...
നമുക്കറിവില്ലാത്തതിനെ വിമര്‍ശിക്കുന്നയാള്‍ തീര്‍ച്ചയായും ആത്മവിമര്‍ശമനം നടത്തണം ...
അതില്ലല്ലോ ... എനിക്കും കിട്ടണം പണം ...
തീര്‍ച്ചയായും ഈ പോസ്റ്റും വില്‍ക്കപ്പെടും ... ആഘോഷിക്കപ്പെടും ...
ഇനി സിനിമയിലേക്ക് വരുന്നവര്‍ക്കും ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്കും വേണ്ടിത്തന്നെയാണീ പോസ്റ്റ്
തീര്‍ച്ചയായും മോശമായത് വിമര്‍ശിക്കപ്പെടണം, വിമര്‍ശനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാം ... അതെ സമയം ഒരു ദാക്ഷിണ്യവും ഇല്ലാതെ വായില്‍ തോന്നിയത് ഇങ്ങനെ പറയുന്നത് കൊണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട ഓരോരോ വ്യക്തികളും എത്രമാത്രം മാനസികമായി തളര്‍ത്തപ്പെടും , പിന്തള്ളപ്പെടും എന്ന് ഇവര്‍ ചിന്തിക്കുന്നില്ല.
വേണ്ട, ചിന്തിക്കേണ്ട ..
വര്‍ഷങ്ങളോളം ആഗ്രഹിച്ചു കിട്ടിയ ഒരു കുഞ്ഞിനെ ജനിക്കുമ്പോള്‍ തന്നെ കൊല്ലുകയാണിവര്‍ ... ഇവരുടേത് സിനിമാ നിരൂപണം അല്ല , കൊല്ലലിനെ കാശാക്കിമാറ്റലാണ് ... 130 രൂപ മുടക്കി ലക്ഷങ്ങള്‍ നേടാനുള്ള ത്വര...
നിരൂപണം അല്ല, പണം സ്വരൂപിക്കല്‍ മാത്രമാണ്...
എല്ലാ സിനിമകളും എല്ലാവര്‍ക്കും ഒരുപോലെ ഹൃദ്യമാവണം എന്നില്ല ...
നല്ല റിവ്യൂ പറയുന്ന സിനിമ ചിലര്‍ക്ക് മോശമായേക്കാം...
ഒരു ആളുടെ അഭിപ്രായം പ്രേക്ഷക സമൂഹത്തിന്റെ മുഴുവന്‍ അഭിപ്രായമല്ലല്ലോ?
പ്രേക്ഷകരായ നിങ്ങളോരോരുത്തരും ഈ സിനിമ 'രാസ്ത' കാണുക, ഒന്ന് കണ്ട് വിലയിരുത്തുക , ചിന്തിക്കുക...
ഈ ചിത്രം കണ്ടവരുടെ മനസ്സൊന്നു പറയണേ...
സത്യമായ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും തരിക ...
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച അമിക്കസ് ക്യൂറിയുടെ കണ്മുന്നില്‍ ഈ പോസ്റ്റ് എത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു ...
Content Highlights: Vishnu Narayanan on negative Review, raastha movie, Aneesh Anwar, Malayalam Cinema Reviewers