മനഃപൂർവം കോവിഡ് ബാധിതയായെന്ന് വെളിപ്പെടുത്തി; ചൈനീസ് ഗായികയ്ക്കെതിരെ സൈബർ ആക്രമണം

ചൈനീസ് ഗായികയും ഗാനരചയിതാവുമായ ജെയ്ൻ ഴാങ്ങിനെതിരെ വൻ സൈബർ ആക്രമണം. മനഃപൂർവം കോവിഡ് ബാധിതയായെന്ന ഴാങ്ങിന്റെ വെളിപ്പെടുത്തലിനേ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വൻതോതിൽ വിമർശനങ്ങളുയർന്നത്. ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ വെയ്ബോയിലൂടെയായിരുന്നു ജെയ്ൻ ഴാങ്ങിന്റെ തുറന്നുപറച്ചിൽ.
ഒമിക്രോൺ വകഭേദമായ BF.7 ചൈനയിൽ പടർന്നുപിടിക്കുന്ന അവസരത്തിലാണ് ജെയ്നിന്റെ വെളിപ്പെടുത്തൽ. രോഗം വരണമെന്ന ഉദ്ദേശത്തോടെ കോവിഡ് ബാധിതരായ സുഹൃത്തുക്കളെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകിയെന്നുമാണ് ഗായിക പറഞ്ഞത്. 'രോഗം വരണമെന്ന ഉദ്ദേശത്തോടെ ഷീപ്പുകളുടെ വസതി സന്ദർശിച്ചു' എന്നാണവർ ബ്ലോഗിലൂടെ അറിയിച്ചത്. രോഗബാധിതരെ ചൈനയിൽ വിശേഷിപ്പിക്കുന്ന വാക്കാണ് ഷീപ്പ്.
അമേരിക്കയിൽ ഴാങ് പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടി ഉടൻ നടക്കുന്നുണ്ട്. ഈ പ്രോഗ്രാമിനിടെ കൊറോണ ബാധിക്കുമെന്ന ആശങ്കയാണ് ഇങ്ങനെയൊരു സാഹസത്തിന് ഗായികയെ പ്രേരിപ്പിച്ചത്. ഇപ്പോൾ കൊറോണ വന്നാൽ പരിപാടിയുടെ സമയമാവുമ്പോഴേക്കും രോഗമുക്തയാകാമെന്നും അതിനാൽ നേരത്തേ തന്നെ പോസിറ്റീവ് ആകാൻ തീരുമാനിച്ചു എന്നുമാണ് തന്റെ പ്രവർത്തിയേക്കുറിച്ച് അവർ ബ്ലോഗിൽ എഴുതിയത്.
പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്നാണ് താൻ ഉറങ്ങാൻ പോയതെന്നും 38-കാരിയായ ഗായിക കൂട്ടിച്ചേർത്തു. ഈ ലക്ഷണങ്ങൾ എന്നാൽ ഒരു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും ഴാങ് വിശദീകരിച്ചു. വിറ്റാമിൻ സി കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്തപ്പോഴേക്കും എല്ലാം ശരിയായെന്നും അവർ പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികൾ അനുദിനം വർധിക്കുമ്പോൾ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന് നിരവധി പേരാണ് പ്രതികരിച്ചത്. വൻതോതിൽ വിമർശനം ഉയർന്നതിന് പിന്നാലെ വിവാദമായ ബ്ലോഗ് ജെയ്ൻ നീക്കം ചെയ്തു. ജനങ്ങളോട് മാപ്പു പറയുന്നതായി അവർ പറഞ്ഞു. ന്യൂയർ പരിപാടിക്കിടെ രോഗം വന്നാൽ അത് ഒപ്പമുള്ളവർക്കും പിടിപെടും എന്നുള്ളതിനാലാണ് സ്വയം രോഗബാധിതയായതെന്നും ജെയ്ൻ ഴാങ് വിശദീകരിച്ചു.
Content Highlights: Chinese Singer Jane Zhang Intentionally Infected Herself With COVID-19, China Covid Cases