മഞ്ജു വാര്യരുടെ 'ചതുർമുഖം' ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്

ചതുർമുഖം ചിത്രത്തിൽ മഞ്ജു വാര്യർ | ഫോട്ടോ: ടീം ചതുർമുഖം
ചതുർമുഖം ചിത്രത്തിൽ മഞ്ജു വാര്യർ | ഫോട്ടോ: ടീം ചതുർമുഖം

നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് മലയാള സിനിമകളും എത്തുകയാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചതുർമുഖം' ആണ് അതിലൊരു ചിത്രം. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

25 വര്‍ഷത്തെ കരിയറില്‍ മഞ്ജു ആദ്യമായ് അഭിനയിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഹൈലൈറ്റ് ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. മഞ്ജുവാര്യരുടെ ആരാധകര്‍ക്ക് മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധം ത്രസിപ്പിക്കുന്ന രംഗങ്ങളാണ് ഈ സിനിമയില്‍ അണിയറക്കാര്‍ ഒരുക്കിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ മഞ്ജു ആദ്യമായ് റോപ്പ് സ്റ്റണ്ടുകള്‍ ചെയ്തുവെന്ന പ്രത്യേകതയും ചതുര്‍മുഖത്തിനുണ്ട്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം.

ജിസ്‌ ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Content Highlights: Chathurmukham Movie, Sunny Wayne, Manju Warrier, Malayalam Horror Thriller Movie

Content Highlights: