ഉദ്വേഗജനകമായ നിമിഷങ്ങള്‍,ആവേശം നിറയ്ക്കുന്ന രംഗങ്ങള്‍;40 ലക്ഷം കാഴ്ചക്കാരുമായി 'ചാവേര്‍' ട്രെയ്ലര്‍

Chaaver - Official Trailer
Chaaver - Official Trailer

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത 'ചാവേറി'ന്റെ ട്രെയിലര്‍. നാല്‍പ്പത് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇപ്പോള്‍ നാലാമതാണ് ട്രെയ്‌ലര്‍. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നിങ്ങനെ തന്റെ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ടിനു പാപ്പച്ചന്റെ ചാവേറിനായി പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. ആ പ്രതീക്ഷകളെ വെറുതെയാക്കില്ല എന്ന് തന്നെയാണ് ട്രെയ്ലര്‍ നല്‍കുന്ന ഉറപ്പും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. 

നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റേതാണ് തിരക്കഥ. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുന്‍നിര്‍ത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ഡിജിറ്റല്‍ പി ആര്‍: അനൂപ് സുന്ദരന്‍, ഡിസൈന്‍സ്: മക്ഗുഫിന്‍, പി.ആര്‍.ഓ: ഹെയിന്‍സ്, ആതിര ദില്‍ജിത്ത്.

Content Highlights: Chaaver - Official Trailer Tinu Pappachan Kunchacko Boban Justin Varghese Arun Narayan