വോട്ടെണ്ണൽ കേന്ദ്രത്തിൽ ‘ജനനായകൻ’ വ്യാജപതിപ്പ് കണ്ടു; സിസിടിവി ഓപ്പറേറ്റർ അറസ്റ്റിൽ

വോട്ടെണ്ണൽ കേന്ദ്രത്തിൽ വിജയ്‌യുടെ പുറത്തിറങ്ങാത്ത ചിത്രത്തിന്റെ വ്യാജപതിപ്പ് കണ്ട സിസിടിവി ഓപ്പറേറ്റർ പിടിയിൽ. ചെന്നൈ കോട്ടൂർപുറത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽവെച്ച് ജനനായകന്റെ ചോർന്ന പതിപ്പ് കണ്ട യുവരാജ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സ്‌ട്രോങ് റൂമിന്റെ സിസിടിവി നിരീക്ഷണ ചുമതലയായിരുന്നു ഇയാൾക്കുണ്ടായിരുന്നത്.
സിസിടിവി സെക്യൂരിറ്റി മുറിയിലിരുന്ന് സ്വന്തം ലാപ്‌ടോപിൽ ജനനായകന്റെ വ്യാജപതിപ്പ് കാണുകയായിരുന്നു. ഇതിന്റെ ചിത്രം യുവരാജ് തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. പിന്നാലെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ജോലി സമയത്ത് സിനിമ കണ്ടു, കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തി, വ്യാജ പതിപ്പ് കൈവശംവെക്കുകയും കാണുകയും ചെയ്തു തുടങ്ങിയവാണ് ഇയാൾക്കെതിരേയുള്ള കുറ്റം.
വ്യാഴാഴ്ചയായിരുന്നു തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനും ദിവസങ്ങൾ മുമ്പേയാണ് വിജയ്‌യുടെ പുറത്തിറങ്ങാത്ത ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചത്. സംഭവത്തിൽ മൂന്ന് സൂത്രധാരന്മാരെയടക്കം ഒൻപതുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഫ്രീലാൻസ് എഡിറ്ററാണ് മുഖ്യപ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Content Highlights: CCTV operator arrested at Chennai counting center for watching pirated movie. The film involved is Vijay's upcoming movie 'Jana Nayagan'. The accused shared screenshots on social media, leading to his arrest. Police investigation reveals a wider piracy network involving 9 suspects including a freelance editor