'ജയ് ഭീമി'ന്റെ കഥ മോഷ്ടിച്ചതെന്ന് പരാതി; സൂര്യക്കും സംവിധായകനുമെതിരെ കേസ്

ജയ് ഭീമിൽ സൂര്യ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
ജയ് ഭീമിൽ സൂര്യ | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

ഒ.ടി.ടി റിലീസായെത്തി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമാണ് ത.സെ. ജ്ഞാനവേൽ സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത 'ജയ് ഭീം'. പക്ഷേ ഇറങ്ങിയതുമുതൽ ചിത്രത്തെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. അക്കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി. കഥാ മോഷണ ആരോപണത്തെയാണ് ഇത്തവണ 'ജയ് ഭീമി'ന് നേരിടാനുള്ളത്.

'ജയ് ഭീമി'ന്റെ കഥ തന്റെയാണെന്നും ഇത് അണിയറപ്രവർത്തകർ മോഷ്ടിക്കുകയായിരുന്നുവെന്നും കാണിച്ച് വി. കുളഞ്ചിയപ്പൻ എന്നയാളാണ് രം​ഗത്തെത്തിയിരിക്കുന്നത്. സംവിധായകൻ ജ്ഞാനവേൽ, നിർമാതാക്കളായ സൂര്യ, ജ്യോതിക എന്നിവർക്കെതിരെ ചെന്നൈ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇദ്ദേഹം. തുടർന്ന് പോലീസ് കോപ്പിറൈറ്റ് ആക്ട് പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു.

സിനിമയിലെ ഒരു കഥാപാത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കുളഞ്ചിയപ്പൻ പരാതിയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1993-ൽ കമ്മാരപുരം പോലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദനമേറ്റിരുന്നു. ഇതേക്കുറിച്ച് അറിയാൻ 2019-ൽ 'ജയ് ഭീമി'ന്റെ സംവിധായകൻ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നു. ലാഭവിഹിതത്തിനൊപ്പം കഥയ്ക്ക് 50 ലക്ഷം രൂപ റോയൽറ്റിയായി നൽകുമെന്ന് 'ജയ് ഭീം' ടീം വാ​ഗ്ദാനം ചെയ്തിരുന്നതായും കുളഞ്ചിയപ്പൻ ആരോപിച്ചു.

നേരത്തെ വണ്ണിയാർ സമുദായവും സിനിമയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. തങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് അവർ ഉന്നയിച്ച ആരോപണം. ലിജോ മോൾ, മണികണ്ഠൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്.

Content Highlights: Case Against Jai Bhim Movie, Copy Right Act, Jai Bhim Movie, Suriya, Lijo Mol