വിഷാദരോഗം, പരിക്കുകള്‍, അമ്മയുടെ വിയോഗം, പൊണ്ണത്തടിയനെന്ന പരിഹാസം; ഇന്ന് ഓസ്‌കറിലെ മികച്ച നടന്‍

ബ്രെന്‍ഡന്‍ ഫ്രേസര്‍, വിഷാദസാഗരത്തില്‍ നിന്ന് പുരസ്‌കാര വേദിയിലേക്ക് ഒരു തിമിംഗലച്ചാട്ടം. 'ബ്രെന്‍ഡന്‍ ഫ്രേസര്‍' എന്ന പേര് കേള്‍ക്കുമ്പോള്‍ എന്റെ തലമുറക്ക് ആദ്യം ഓര്‍മ വരുന്നത് പാവങ്ങളുടെ 'ടാര്‍സന്‍' എന്ന് വിശേഷിപ്പിക്കാവുന്ന 'ജോര്‍ജ് ഓഫ് ദി ജംഗിള്‍' എന്ന കഥാപാത്രത്തെയാണ്. ടാര്‍സണ്‍ അതിമാനുഷികനാണെങ്കില്‍ ജോര്‍ജ് ലോക തോല്‍വിയാണ്. കാട്ടുവള്ളിയില്‍ തൂങ്ങിയുള്ള ജോര്‍ജിന്റെ ഓരോ ഹൈ സ്പീഡ് പരാക്രമവും അവസാനിക്കുന്നത് നിയന്ത്രണം വിട്ടു ഏതെങ്കിലും മരത്തില്‍ ചെന്ന് ക്രാഷ് ലാന്‍ഡ് ചെയ്തിട്ടാകും. ടാര്‍സന്റെ അതിമാനുഷികതയെക്കാള്‍ ജോര്‍ജിന്റെ നിഷ്‌കളങ്കതയുടെ വിജയമായിരുന്നു 'ജോര്‍ജ് ഓഫ് ദി ജംഗിളി'ന്റെ വിജയം. ബ്രെന്‍ഡന്‍ ഫ്രേസറുടെ സാഹസികതകള്‍ക്ക് എപ്പോഴും തമാശയുടെ മേമ്പൊടിയുണ്ടായിരുന്നു. എന്തിന് ആ മുഖം പോലും ഹോളിവുഡിലെ ആണത്താഘോഷങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതായിരുന്നു. പക്ഷെ അതേ മുഖവും പേറി ഫ്രേസര്‍ അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകളില്‍ അഭിനയിച്ചു. 'ജോര്‍ജ് ഓഫ് ദി ജംഗിളും', 'മമ്മിയും', 'ജേര്‍ണി ടു ദി സെന്റര്‍ ഓഫ് എര്‍ത്തു'മൊക്കെ ഫ്രേസറിനെ കുട്ടികളുടെ കൂടി ഇഷ്ടതാരമാക്കി മാറ്റി.
പക്ഷെ കാലം ബ്രെന്‍ഡന്‍ ഫ്രേസര്‍ക്കായി കരുതി വെച്ചത് അയാളുടെ സിനിമകളിലേതു പോലെ തമാശ നിറഞ്ഞ ഒരു ജീവിതമായിരുന്നില്ല. ഹോളിവുഡിലെ ഏറ്റവും മികച്ച കൊമേഡിയന്മാരില്‍ ഒരാളായ റോബിന്‍ വില്യംസിന്റെ ആത്മഹത്യ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞ ഒന്നാണ്. 'മിസിസ് ഡൌട്ട് ഫയര്‍', 'ഫ്‌ലബ്ബര്‍' 'ജുമാന്‍ജി' തുടങ്ങി ഇന്ത്യയിലെ കൊച്ചു കുട്ടികള്‍ക്ക് പോലും സുപരിചിതമായ സിനിമകളിലൂടെ നമ്മളെ കുടുകുടാ ചിരിപ്പിച്ച റോബിന്‍ വില്യംസിന്റെ ആത്മഹത്യക്ക് പിന്നിലെ വില്ലന്‍ ഡിപ്രഷനായിരുന്നു. അതേ വില്ലന്‍ തന്നെയാണ് നമ്മളെയെല്ലാവരെയും രസിപ്പിച്ച ബ്രെന്‍ഡന്‍ ഫ്രേസറേയും കീഴടക്കിയത്.
അനാരോഗ്യമാണ് വിഷാദരോഗത്തെ ഫ്രേസറിന്റെ ജീവിതത്തിലേക്ക് ആനയിച്ചു കൊണ്ട് വരുന്നത്. ഫ്രേസറിന്റെ ആക്ഷനില്‍ തമാശയുണ്ടായിരുന്നെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നതിലും ഡ്യൂപ് ഇല്ലാതെ അത് ഭംഗിയായി ചെയ്‌തെടുക്കുന്നതിലും അദ്ദേഹം നൂറു ശതമാനം സീരിയസ് തന്നെയായിരുന്നു. ആ ആത്മസമര്‍പ്പണത്തിന്റെ പരിണിതഫലമായിരുന്നു നട്ടെല്ലിനുള്‍പ്പെടെ അദ്ദേഹത്തിന് വിധേയനാകേണ്ടി വന്ന ഒട്ടേറെ ശസ്ത്രകിയകള്‍. ആ വേദനകള്‍ക്ക് തൊട്ടു പിന്നാലെയെത്തിയത് അമ്മയുടെ അപ്രതീക്ഷിത മരണമായിരുന്നു, അതില്‍ നിന്ന് മുക്തനാകുന്നതിനു മുന്‍പ് തന്നെ താന്‍ കൂടി ഭാഗമായ ഒരു സീരീസിന്റെ പ്രമോഷന് മീഡിയക്ക് മുന്നില്‍ ചെന്നിരിക്കേണ്ട ഗതികേട് ഫ്രേസറിനു ഉള്‍ക്കൊള്ളാനായില്ല. അത് കൊണ്ട് തന്നെ അദ്ദേഹം പല ഇന്റര്‍വ്യൂകള്‍ക്കും നോ പറഞ്ഞു.
ഇക്കാര്യങ്ങള്‍ക്ക് പിന്നാലെയാണ് സുപ്രസിദ്ധ ജേണലിസ്റ്റും സിനിമാ നിരൂപകനുമായ ഫിലിപ് ബെര്‍ക്കില്‍ നിന്ന് ലൈംഗിക ചുവയോടെയുള്ള സംസാരവും പെരുമാറ്റവും ബ്രെന്‍ഡന്‍ ഫ്രേസറിനു നേരിടേണ്ടി വന്നത്. ഇക്കാര്യത്തെ ബെര്‍ക്ക് ഒരു തമാശ മാത്രമായി തള്ളിക്കളഞ്ഞെങ്കിലും ഫ്രേസറിന്റെ മനസിനെ അത് വല്ലാതെ പിടിച്ചുലച്ചു. മി ടൂ മൂവ്‌മെന്റുകള്‍ സജീവമായപ്പോള്‍ അദ്ദേഹമത് വെളിപ്പെടുത്തുകയും ചെയ്തു, ഫിലിപ്പ് ബെര്‍ക്ക് എന്ന ആ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ നടത്തിയ ഈ പ്രസ്താവന നടനെന്ന നിലയില്‍ ഫ്രേസറുടെ അവസരങ്ങള്‍ക്ക് വിലങ്ങു തടിയായി മാറി. തന്റെ ഏറ്റവും പുതിയ സിനിമയായ 'ദി വേലി'ലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചിട്ട് പോലും ബ്രെന്‍ഡന്‍ ഫ്രേസര്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ നല്‍കുന്ന ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ ആയിരുന്ന ഫിലിപ്പ് ബെര്‍ക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അവര്‍ നടത്തിയ അന്വേഷണവും അതിനെ നിസ്സാരമായി തള്ളിയ റിപ്പോര്‍ട്ടുമായിരുന്നു.
ബെര്‍ക്ക് പോലുള്ള ഒരു ശക്തനെതിരെയുള്ള പോരാട്ടം ഹോളിവുഡിന് അനഭിമതനാക്കി മാറ്റിയ ബ്രെന്‍ഡന്‍ ഗഫ്രേസര്‍ക്ക് നേരിടേണ്ടി വന്ന അടുത്ത തിരിച്ചടിയാണ് തന്റെ ഭാര്യ ഫയല്‍ ചെയ്ത വിവാഹമോചനക്കേസ്, അതില്‍ ജീവനാംശമായി പ്രതിമാസം നല്‍കേണ്ടിയിരുന്ന തുകയായ 61 ലക്ഷം രൂപ അക്കാലത്ത് സിനിമകളൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന അദ്ദേഹത്തിന് ഒരു തരത്തിലും നല്‍കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി വിഷാദരോഗത്തിന്റെ കാണാക്കയങ്ങളില്‍ വീണു താണു പോകുമായിരുന്ന ഒരു ജീവിതത്തെയാണ് ഏറെക്കാലത്തിനു ശേഷം 'ദി വേല്‍' (the whale) എന്ന സിനിമയിലെ ഒരൊറ്റ പെര്‍ഫോമന്‍സിലൂടെ ബ്രെന്‍ഡന്‍ ഫ്രേസര്‍ തിരിച്ചു പിടിക്കുന്നത്.
ഓണ്‍ലൈന്‍ ക്ളാസുകളെടുക്കുമ്പോള്‍ കാമറ ഓഫ് ആക്കി വെക്കുന്ന, തനിക്ക് പിസ ഡെലിവറി ചെയ്യുന്നവന് മുന്നില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടാത്ത, കടം വീട്ടാനുള്ളത് കൊണ്ട് മാത്രം ജോലി ചെയ്യുന്ന പൊണ്ണത്തടിയനായ ഇംഗ്ലീഷ് പ്രൊഫസര്‍ ചാര്‍ലി. ഇന്ന് ബ്രെന്‍ഡന്‍ ഫ്രേസര്‍ക്ക് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത കഥാപാത്രം തന്റെ ജീവിതത്തോട് എത്ര അടുത്ത് നില്‍ക്കുന്നുവെന്നത് അദ്ദേഹത്തെ ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാന്‍ ഇടയില്ല. ഡിപ്രഷനിലാകുമ്പോള്‍ ഇരട്ടി ഭക്ഷണം കഴിക്കുന്ന എന്നെപ്പോലുള്ളവരെയും അത് അത്ഭുതപ്പെടുത്തില്ല. താന്‍ ഇത്രയും കാലം കടന്നു പോയ ജീവിതം തന്നെയാണ് ഫ്രേസറിനെ ഓസ്‌കറിലെ മികച്ച നടനോളം ചാര്‍ലിയെ വളര്‍ത്തി വലുതാക്കാന്‍ സഹായിച്ചതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഒരു കാലത്ത് സിക്‌സ് പാക്ക് ശരീരവുമായി വള്ളിയില്‍ കയറി തൂങ്ങിയാടി മരത്തില്‍ ചെന്നിടിച്ചു തകര്‍ന്നു വീണു നമ്മെ രസിപ്പിച്ച ഈ മനുഷ്യന്‍ ഇന്ന് തന്റെ അന്‍പത്തിനാലാം വയസ്സില്‍ ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ മികച്ച നടനുള്ള അവാര്‍ഡ് ശില്‍പം ഉയര്‍ത്തിപ്പിടിച്ചു നമ്മളോട് ഉറക്കെ പറയുത് ഇതാണ്. 'നീന്തിക്കയറാന്‍ പറ്റാത്ത കയങ്ങളില്ല, കീഴടക്കാന്‍ കഴിയാത്ത ഉയരങ്ങളില്ല.' നന്ദി
Content Highlights: Brendan Fraser, Oscar winning actor life story, struggle,depression, best actor the whale film