മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റുനിന്ന് ഭീമൻ രഘു; ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിലെ കൗതുകം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്ന് ഭീമന്‍ രഘു പിന്നീട് പ്രതികരിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു കഴിഞ്ഞദിവസം കൗതുകകരമായ ഈ സംഭവം നടന്നത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാഗന്ധിയിൽ നടന്നത്. കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും ഉൾപ്പെടെ ഒട്ടുമിക്ക പുരസ്കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടൻ സദസിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്.
രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. അന്ന് താരം എ.കെ.ജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെയെന്നപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് അന്ന് ഭീമൻ രഘു പ്രതികരിച്ചത്. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.
Content Highlights: bheeman raghu, kerala state film awards 2023 function, pinarayi vijayan