റഹ്മാൻ പിതാവിനെപ്പോലെ, സംഭവങ്ങളെ അശ്ലീലവത്കരിച്ചു; കുപ്രചരണങ്ങളെ തള്ളി മോഹിനി ഡേ

സംഗീത സംവിധായകൻ എ.ആർ. റഹ്മാനുമായി ബന്ധത്തിലാണെന്ന സാമൂഹികമാധ്യമങ്ങളിലെ കുപ്രചരണങ്ങളെ തള്ളി റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. എ.ആർ. റഹ്മാൻ തന്റെ പിതാവിനെപ്പോലെയാണ്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി ഡേ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
"എനിക്കും എ.ആർ. റഹ്മാനുമെതിരേ പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാർത്തകളുടെ എണ്ണം അവിശ്വസനീയമാണ്. ഇരുസംഭവങ്ങളേയും മാധ്യമങ്ങൾ അശ്ലീലവത്കരിച്ചു. കുറ്റകൃത്യമാണത്. റഹ്മാനൊപ്പം ജോലി ചെയ്ത എട്ടര വർഷക്കാലം ആദരവോടെയാണ് ഓർക്കുന്നത്. ഇത്തരം വൈകാരിക വിഷയങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹതാപമോ ഇല്ല എന്നത് നിരാശാജനകമാണ്. ഇവരുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്. റഹ്മാൻ ഇതിഹാസമാണ്. അദ്ദേഹം തന്റെ പിതാവിനെപ്പോലെയാണ്. ആളുകളോട് വിശദീകരണം പറയാൻ താൻ ബാധ്യസ്ഥയല്ല", മോഹിനി കുറിച്ചു.
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി ഡേ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നു.
സംഗീത സംവിധായകൻ എ.ആർ. റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാർത്ത സംഗീതലോകത്തും ആരാധകരിലും ഏറെ നടുക്കമുണ്ടാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ താന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചു. ഇതോടെ എ.ആർ. റഹ്മാന്റെ വിവാഹമോചനത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയതോടെയാണ് മോഹിനി വിശദീകരണവുമായി എത്തിയത്.
Content Highlights: Bassist Mohini Dey on link-up rumours with AR Rahman, says He's like a father to me