തമന്നയുടേയും അനുഷ്കയുടേയും പാട്ടുകൾ വെട്ടി, ഒപ്പം 'മനോഹരി'യും; ബാഹുബലി: ദി എപ്പിക്ക് വരിക ഈ മാറ്റങ്ങളുമായി

ബാഹുബലി: ദി എപ്പിക് എന്ന ചിത്രത്തിൽനിന്ന് നീക്കംചെയ്ത രം​ഗങ്ങളിൽനിന്ന് | സ്ക്രീൻ​ഗ്രാബ്
ബാഹുബലി: ദി എപ്പിക് എന്ന ചിത്രത്തിൽനിന്ന് നീക്കംചെയ്ത രം​ഗങ്ങളിൽനിന്ന് | സ്ക്രീൻ​ഗ്രാബ്

'ബാഹുബലി: ദി എപ്പിക്' എന്ന പുതിയ രൂപത്തിൽ ബാഹുബലി 1,2 സിനിമകൾ വീണ്ടും റിലീസിന് ഒരുങ്ങുമ്പോൾ, പുതിയ പതിപ്പിൽ നിന്ന് ഒഴിവാക്കിയ നിർണായക രംഗങ്ങളെക്കുറിച്ച്  വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ എസ്.എസ്. രാജമൗലി. രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ച ശേഷം, റോളിംഗ് ടൈറ്റിലുകൾ നീക്കം ചെയ്താലും സിനിമയുടെ മൊത്തം ദൈർഘ്യം ഏകദേശം അഞ്ച് മണിക്കൂറും 27 മിനിറ്റും ഉണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ബാഹുബലി: ദി എപ്പിക്' എന്ന ആശയം, അഞ്ച് വർഷം മുൻപാണ് തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം പങ്കുവെച്ചു.

തമന്നയുടെയും അനുഷ്കയുടേയും ഗാനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രംഗങ്ങളാണ് ബാഹുബലി-ദി എപ്പിക് എന്ന പുതിയ പതിപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ പുതിയ പതിപ്പ് 'കഥയെ മാത്രം ആശ്രയിച്ചുള്ളതാകണം' എന്ന ലക്ഷ്യത്തോടെയാണ് എഡിറ്റിംഗ് നടന്നതെന്ന് രാജമൗലി വിശദീകരിച്ചു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്മാരായ പ്രഭാസ്, റാണാ ദഗ്ഗുബട്ടി എന്നിവർക്കൊപ്പം ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ഓരോ രംഗത്തിനും വൈകാരികമായ തലവും കഥാപരമായ പ്രാധാന്യവും ഉണ്ടായിരുന്നിട്ടും, പുതിയ പതിപ്പിന് വേണ്ടി അവ ഒഴിവാക്കേണ്ടി വന്നു. ഏകദേശം നാല് മണിക്കൂറും പത്ത് മിനിറ്റുമായിരുന്നു സിനിമയുടെ ആദ്യ കട്ട്. അതിനുശേഷം, സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയുന്നതിനായി വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സിനിമാപ്രേമികൾക്കും അല്ലാത്തവർക്കും പ്രത്യേക സ്ക്രീനിംഗ് നടത്തി. ഇതിനുശേഷം സിനിമയുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി ചില രംഗങ്ങൾ പൂർണമായി നീക്കം ചെയ്യാൻ തീരുമാനിച്ചുവെന്നും രാജമൗലി പറഞ്ഞു.

"ഈ എഡിറ്റിംഗിൽ വലിയ നഷ്ടങ്ങൾ സംഭവിച്ചു. അതിൽ പ്രധാനം തമന്ന അവതരിപ്പിച്ച അവന്തികയുടെയും ശിവുഡുവിന്റെയും പ്രണയകഥയുടെ പ്രധാന ഭാഗങ്ങൾ നീക്കം ചെയ്തതാണ്. അതോടൊപ്പം, "പച്ച ബൊട്ടേസിന", "കണ്ണാ നിദുരിഞ്ചര", "മനോഹരീ" എന്നീ മൂന്ന് ഗാനങ്ങളും 'ബാഹുബലി: ദി എപ്പിക്' പതിപ്പിൽ നിന്ന് ഒഴിവാക്കി. യുദ്ധരംഗങ്ങളിലെ നിരവധി ഭാഗങ്ങളും വെട്ടിമാറ്റി." രാജമൗലി വിശദമാക്കി. പ്രഭാസും റാണാ ദഗ്ഗുബട്ടിയും തങ്ങളുടെ രംഗങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പക്ഷപാതമില്ലാതെ ‘നിങ്ങൾ ഇരുവരുടെയും’ എന്നാണ് രാജമൗലി തമാശയായി നൽകിയ മറുപടി.

സിനിമയുടെ ഇപ്പോഴത്തെ ദൈർഘ്യം മൂന്ന് മണിക്കൂറും 43 മിനിറ്റുമാണ്. 'ബാഹുബലി: ദി എപ്പിക്' എന്ന ഈ പതിപ്പിൽ പ്രഭാസ്, റാണാ ദഗ്ഗുബട്ടി, അനുഷ്ക ഷെട്ടി, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, സത്യരാജ്, നാസർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം ഒക്ടോബർ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്.

Content Highlights: S.S. Rajamouli reveals deleted scenes from Baahubali: The Epic, a combined cut of both parts. Discover what didn`t make the final cut of this Indian cinema milestone.