73 വയസ്സുള്ള സിഗോണി 14 കാരിയായി, ഗര്‍ഭിണിയായ റോണലായി കേറ്റ്; അവതാര്‍ 2 ലെ അത്ഭുതങ്ങള്‍

ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ലോകമൊട്ടാകെ ഗംഭീര വിജയം നേടിയിരിക്കുകയാണ്. പാന്‍ഡോറയുടെ മായാലോകത്തു നിന്ന് കടല്‍കാഴ്ചകളുടെ മാന്ത്രികതയിലേക്കുള്ള നാവികളുടെ യാത്ര. അവതാര്‍ ഒന്നാം ഭാഗത്തില്‍ നിന്ന് അവതാര്‍ ദ വേ ഓഫ് വാട്ടറിനെ വ്യത്യസ്തമാക്കുന്നതും കടലൊരുക്കിയ നിറക്കൂട്ടാണ്. 'ആകാശമനുഷ്യരില്‍' നിന്നും തങ്ങളുടെ മണ്ണും നിലനില്‍പ്പും പൊരുതി നേടിയ നാവികള്‍ സന്തോഷത്തിന്റെ നല്ല നാളുകളിലേക്ക് തിരികെയെത്തി നില്‍ക്കുമ്പോള്‍ ശത്രുക്കളുടെ മടങ്ങി വരവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യഭാഗത്തേക്കാള്‍ ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
ടൈറ്റാനിക്കിന് ശേഷം കേറ്റ് വിന്‍സ്ലറ്റ് കാമറൂണുമായി ഒന്നിച്ച ചിത്രമാണ് അവതാര്‍ 2. ചിത്രത്തില്‍ കേറ്റ് ഏത് മേക്കോവറില്‍ വരുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. കടല്‍ പ്രദേശത്ത് ജീവിക്കുന്ന നവി വിഭാഗമായ മെറ്റ്കയ്‌നയുടെ ഗോത്രത്തിലെ റോണല്‍ എന്ന കഥാപാത്രത്തെയാണ് കേറ്റ് അവതരിപ്പിച്ചത്. ഗര്‍ഭിണിയാണ് റോണല്‍. റോണലും അവരുടെ ഭര്‍ത്താവായ ടോണോവാരിയുമാണ് മെറ്റ്കയിനയുടെ നേതാക്കള്‍. ക്ലിഫ് കര്‍ട്ടിസാണ് ടോണോവാരിയെ അവതരിപ്പിച്ചത്.
സിഗോണി വീവറിന്റെ കഥാപാത്രമാണ് ചിത്രത്തിലെ മറ്റൊരു വലിയ ആകര്‍ഷണം. അവതാറിന്റെ ആദ്യ ഭാഗത്തില്‍ അവര്‍ അവതരിപ്പിച്ച ഡോക്ടര്‍ ഗ്രേസ് മരിച്ചു പോകുന്നു. എന്നാല്‍ സിഗോണി രണ്ടാംഭാഗത്തിലുണ്ടാകുമെന്ന് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഏത് രൂപത്തില്‍ പുനര്‍ജനിക്കുമെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. പ്രതീക്ഷകള്‍ക്കപ്പുറം പതിനാല് കാരിയായ കിരി എന്ന കഥാപാത്രമായാണ് 73 കാരിയായ സിഗോണി വേഷമിട്ടത്.
നായകന്‍ ജാക്ക് സള്ളിയുടെയും നെയ്തിരിയുടെയും ദത്തുപുത്രിയെയാണ് കിരി. സിനിമയിലുടനീളമുണ്ട് കിരിയുടെ കഥാപാത്രം. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെങ്കിലും കൗമാരക്കാരിയുടെ ചടുലതയും ഊര്‍ജ്ജവും കൗതുകം നിറഞ്ഞ ഭാവവുമെല്ലാം സിഗോണിയുടെ കയ്യില്‍ ഭദ്രമായിരുന്നു.
Content Highlights: avatar the way of water Kate Winslet Sigourney Weaver characters kiri james Cameron