റെഡ് വി റാപ്ടർ ക്യാമറയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രം, വരുന്നൂ ഡോൺമാക്സിന്റെ ‘അറ്റ്’

ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവുമായി ഡോൺമാക്സിന്റെ പുതിയ ചിത്രം ‘അറ്റ്. പ്രമുഖ എഡിറ്ററായ ഡോൺമാക്സ് സംവിധായകൻ ആകുന്ന രണ്ടാമത്തെ ചിത്രമായ 'അറ്റ്' എന്ന സിനിമയുടെ ഔദ്യോഗിക ടീസർ പോയ വാരം പുറത്തിറങ്ങുകയും ഇതിനോടകം നിരവധി പ്രശംസകൾ സിനിമ രംഗത്ത് നിന്നുതന്നെ ലഭിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലൂടെ ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാമും ടീസർ പങ്കുവെച്ചിരുന്നു. അന്തരിച്ച എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ മകനും പുതുമുഖവുമായ ആകാശ് സെൻ നായകനാകുന്ന അദ്യ ചിത്രമാണ് അറ്റ്. ജോൺ എബ്രഹാം ചിത്രത്തിൻ്റെ ടീസർ പങ്കുവെച്ച സ്റ്റോറിക്ക് താഴെ ‘സച്ചി, ഇത് നിങ്ങൾക്കുവേണ്ടി’ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നിർമ്മിച്ച് നായകനാകുന്നത് ജോൺ എബ്രഹാമാണ്. എച്ച്.ഡി.ആർ. ഫോർമാറ്റിൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ടീസർ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് റെഡ് ഡിജിറ്റൽ സിനിമ. വി റാപ്റ്റർ ഒരു അൾട്രാ സ്ലോ മോഷൻ ക്യാമറയാണ്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റർ 8K യുടെ വരവ്. ഏറ്റവും വേഗതയേറിയ സ്കാൻ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷൻ R3D റോ ഫോർമാറ്റിൽ ചിത്രീകരിക്കാൻ കഴിയും. മറ്റ് സ്ലോ മോഷൻ ക്യാമറകൾ 68.1 ബില്യൺ കളർ ഷെയ്ഡുകൾ പകർത്തുമ്പോൾ റാപ്റ്ററിന് 281 ട്രില്യൺ ഷെയ്ഡുകൾ പകർത്താൻ സാധിക്കും. റെഡ് വി റാപ്ടർ റെസൊല്യൂഷനിലുളള വിസ്ത വിഷൻ സെൻസർ ആണ് ക്യാമറക്കുള്ളത്. ഇത് ഫുൾ ഫ്രെയിം സെൻസറിലും വലിപ്പമേറിയതാണ്. ഇന്ത്യയിലാദ്യമായി റെഡ് വി റാപ്റ്റർ ക്യാമറയിൽ പൂർണമായി ചിത്രീകരിച്ച സിനിമ എന്ന റെക്കോർഡും ഇനി അറ്റിന് സ്വന്തം. നെൽസൺ സംവിധാനം ചെയ്ത വിജയ് നായകനായ അഭിനയിച്ച ബീസ്റ്റിന്റെ ഏതാനും രംഗങ്ങൾ ഷൂട്ട് ചെയ്തത് റെഡ് വി റാപ്റ്റർ വച്ചാണെങ്കിലും ഒരു ഇന്ത്യൻ ചിത്രം പൂർണ്ണമായും ഈ കാമറയിൽ ഷൂട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം റെഡിന്റെ സഹ ഉടമയും പ്രസിഡന്റുമായ ജാറഡ് ലാൻ്റ് സ്ഥിരീകരിക്കുകയും ടീസർ നിലവാരം കണ്ട് അറ്റ് സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ ടെക്നോളജി സർവീസ് പ്രൊവൈഡർ സ്ഥാപനമായ 'ഡെയർ പിക്ചേഴ്സ്' ഉടമ ധീരജ് പള്ളിയിലിന് ജാറഡ് ലാൻഡ് സമ്മാനിച്ച 'റെഡ് വി റാപ്റ്റർ' കാമറയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
ഇൻ്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ് വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.
ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഫേയ്സ് ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിൽ ടൈറ്റിൽ ലോഞ്ച്. എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷനുകൾ ഒരുക്കിയത്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. 'അറ്റ്' ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഹുമർ എഴിലനും ഷാജഹാനുമാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.
പ്രൊജക്റ്റ് ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ: കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Content Highlights: at malayalam movie shooted in red v raptor 8k camera, donmax movie