വാഹനം ഓടിച്ചത് താനല്ലെന്ന് എ.ആർ അമീൻ; 'അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതർ'

ചെന്നൈയിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീൻ. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ പിന്നണി ഗായകനായ അമീന് നിസ്സാര പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെയാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അമീൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സഹോദരൻ ഉൾപ്പെട്ട അപകടത്തെക്കുറിച്ച് റഹ്മാന്റെ മകൾ ഖദീജയും വിശദീകരണക്കുറിപ്പ് പങ്കുവെച്ചു.
താനല്ല വാഹനം ഓടിച്ചതെന്ന് അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. 'എയർപോർട്ടിലേക്ക് പോകുന്ന വഴി സുഹൃത്തിന്റെ കാറിലെ പാസഞ്ചർ സീറ്റിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. ചെറിയൊരു അപകടമാണ് സംഭവിച്ചത്. ദൈവകൃപയാൽ അപകടത്തിൽപ്പെട്ട എല്ലാവരും സുരക്ഷിതരാണ്. ഞങ്ങളെ സംരക്ഷിച്ചതിന് സർവശക്തന് നന്ദി പറയുന്നു,' അമീൻ കുറിച്ചു. പ്രാർഥനകളുമായി എത്തിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അമീൻ നന്ദി അറിയിച്ചു.
മറ്റൊരു വാഹനം സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഖദീജ റഹ്മാൻ വ്യക്തമാക്കി. 'സുഹൃത്ത് ഓടിച്ചിരുന്ന കാറിലെ പാസഞ്ചർ സീറ്റിലാണ് അമീൻ ഉണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം റെഡ് സിഗ്നൽ മറികടന്ന് മുന്നോട്ട് എടുത്തതാണ് ചെറിയ കൂട്ടിയിടിക്ക് കാരണമായത്. ദൈവാനുഗ്രഹത്താൽ അമീനും സുഹൃത്തും എതിർവാഹനത്തിലുണ്ടായിരുന്ന ആളും സുരക്ഷിതരാണ്,' ഖദീജ കുറിച്ചു. അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ വസ്തുതകൾ ഉറപ്പുവരുത്തിയ ശേഷം മാത്രം വാർത്തകൾ നൽകണമെന്നും ഖദീജ അഭ്യർഥിച്ചു.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ ഗിണ്ടിക്ക് സമീപമാണ് അപകടമുണ്ടായത്. എ.ആർ. അമീൻ സഞ്ചരിച്ചിരുന്ന ലക്ഷ്വറി എസ്.യു.വിയും ടാക്സി ഹാച്ച്ബാക്ക് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എ.ആർ. അമീൻ, സുഹൃത്ത്, ടാക്സി ഡ്രൈവർ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും വിട്ടയച്ചു. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
2015-ൽ മണിരത്നം സംവിധാനം ചെയ്ത 'ഓ കാതൽ കൺമണി' എന്ന ചിത്രത്തിലെ 'മൗലാ സല്ലി വസല്ലിം' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അമീൻ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എ.ആർ. റഹ്മാന്റെ അന്താരാഷ്ട്ര സംഗീത പരിപാടികളിലും അമീൻ ഒപ്പം പാടാറുണ്ട്. അടുത്തിടെ രാം ചരണിന്റെ 'പെഡ്ഡി' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലെ 'ചികിരി ചികിരി' എന്ന ഗാനം അമീൻ ആലപിച്ചിരുന്നു. കൂടാതെ ജസ്ലീൻ റോയലുമായി സഹകരിച്ച് പുറത്തിറക്കിയ 'ഭീഗി ഭീഗി' എന്ന സ്വതന്ത്ര ആൽബം ഏറെ ശ്രദ്ധ നേടിയിരുന്നു; ഇതിന്റെ മ്യൂസിക് വീഡിയോയിൽ ദുൽഖർ സൽമാനും മൃണാൽ ഠാക്കൂറുമാണ് അഭിനയിച്ചത്.
Content Highlights: Singer A.R. Ameen, son of legendary music composer A.R. Rahman, met with a minor road accident in Guindy, Chennai, on Monday morning. Clarifying the incident on Instagram, Ameen stated that he was not driving the car but was sitting in the passenger seat of his friend's vehicle on their way to the airport. Ameen's sister, Khatija Rahman, added that the collision occurred when another vehicle jumped a red traffic signal, leading to the minor crash. Authorities confirmed that Ameen, his friend, and the driver of the other vehicle escaped with minor injuries and were discharged after receiving first aid. Khatija also requested the public and media to verify facts before spreading rumors, reassuring fans that everyone involved in the accident is completely safe