അത് ഞാനല്ല, എന്റെ വീഡിയോയല്ല: അത് ഷെയർ ചെയ്യുന്നത് എന്തിനാണ്: നടി അനു

സിനിമാ, സീരിയല്‍ താരങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി ആരെയും എന്തും പറയാം എന്നതാണ് അവസ്ഥ. സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അനു ജോസഫാണ് പുതിയ ഇര.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് അനു ജോസഫ് അപകടത്തില്‍ മരിച്ചുവെന്ന് വ്യാജ പ്രചരണമുണ്ടായിരുന്നു. തുടര്‍ന്ന് നടി തന്നെ താന്‍ സുരക്ഷിതയാണെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നു. ഇപ്പോള്‍ അനു ജോസഫിന്റേതാണെന്ന പേരില്‍ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വാട്‌സാപ്പിലൂടെയും മറ്റും വീഡിയോ പ്രചരിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി അനു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്​സ്ബുക്ക് വീഡിയോയിലൂടെയാണ് അനു ജോസഫ് തന്റെ പ്രതികരണം അറിയിച്ചത്.
വാട്‌സാപ്പിലൂടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ എന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ചേര്‍ത്ത് പുറത്തിറക്കിയിരിക്കുന്നത് ഞാനും കണ്ടു. കഷ്ടമെന്നല്ലാതെ ഇതിനെന്ത് പറയാനാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ അപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ എന്റേതല്ലാത്ത വീഡിയോ ഞാനാണെന്ന പേരില്‍, എന്റെ ഫോട്ടോയും ഡീറ്റൈല്‍സും വച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഇതിന്റെ നിജസ്ഥിതി പോലും തിരക്കാതെ ആ വീഡിയോ കൈമാറിക്കൊണ്ടിരിക്കുന്ന ആളുകളുടെ മനോഭാവമാണ്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണല്ലോ. എന്തായാലും ഞാന്‍ സൈബര്‍ സെല്ലിന് പരാതി കൊടുത്തതിന്റെയും അവര്‍ അത് കൈപ്പറ്റിയതിന്റെയും റെസീപ്പ്റ്റ് ആണിത്. എസ്.പിക്കും ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. ഇങ്ങനെ ഉള്ള വീഡിയോസ് പുറത്തിറക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ കുറ്റമാണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. നിങ്ങളുടെ ഏവരുടെയും സ്‌നേഹം പ്രതീക്ഷിക്കുന്നു. നന്ദി- അനു പറഞ്ഞു.
ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോ ഒളിക്യാമറ വച്ചെടുത്ത് ഈ സ്ത്രീയെ അറിയുമോ എന്ന ക്യാപ്ഷനും അനു ജോസഫിന്റെ ചിത്രങ്ങളും സഹിതം കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു. തന്റെ അതേ ഉയരവും രൂപസാദൃശ്യമുള്ള സ്ത്രീയാണ് വിഡിയോയില്‍ ഉള്ളതെന്നും അതിനാല്‍, തന്നെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് പെട്ടെന്ന് സാമ്യം തോന്നുകയും ചെയ്യുമെന്നും അനു പറഞ്ഞു. ഇത് തനിക്കെന്നല്ല ഏത് സ്ത്രീക്ക് സംഭവിച്ചാലും വലിയ കുറ്റകൃത്യമാണ്. ഒരാള്‍ അറിയാതെ അവരുടെ സ്വകാര്യ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. അതു കൊണ്ടാണ് താനിപ്പോള്‍ ഈ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അനു ചില മാധ്യമങ്ങളോട് പറഞ്ഞു
Content Highlights: Anu Joseph, Malayalam Serial Actress, Video, Fake Video, Celeberity Video, Malayalam Movie


VIEW ON mathrubhumi.com