കാർ അപകടത്തിന് ശേഷം കോമയിൽ, ഓർമകൾ നഷ്ടപ്പെട്ടു; ആഷിക്വി നായികയുടെ ജീവിതം സീരീസാകുന്നു

നിത്യഹരിത പ്രണയചിത്രം ആഷിക്വിയിലെ നായിക അനു അഗർവാളിന്റെ ജീവിതം വെബ് സീരീസാകുന്നു. മണിരത്നത്തിന്റെ തിരുടാ തിരുടയിലും ശ്രദ്ധേയമായ വേഷം ചെയ്ത അനുവിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു കാറപകടമായിരുന്നു.
വെബ് സീരീസിൽ അനുവും വേഷമിടുന്നുണ്ട്. നടിയുടെ ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നത് മറ്റു താരങ്ങളായിരിക്കും.
ഡൽഹിയിൽ ജനിച്ച അനു അഗർവാൾ, ചെന്നെെയിലാണ് വളർന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ഗോൾഡ് മെഡൽ നേടി വിജയിച്ച അനു പിന്നീട് മോഡലിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ദൂരദർശനിലെ ഇസി ബഹനേ (1988) എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
തിരുടാ തിരുടയിലൂടെയാണ് അനു തെന്നിന്ത്യയിലെത്തുന്നത്. പിന്നീട് കിങ് അങ്കിൾ, ഖാൽ നായിക, റിട്ടേൺ ഓഫ് ജുവൽ തീഫ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 1999 ലാണ് അനുവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച ദാരുണമായ കാർ അപകടം അരങ്ങേറുന്നത്. അപകടത്തിന് ശേഷം 29 ദിവസം കോമയിലായിരുന്നു. കോമയിൽ നിന്നുണർന്നപ്പോൾ ഓർമകൾ നഷ്ടമായി. യോഗയിലൂടെയാണ് അനു തന്റെ ജീവിതം തിരിച്ചുപിടിച്ചത്. പിന്നീട് സിനിമകളിലോ സീരിയലുകളിലോ അനു അഭിനയിച്ചില്ല. 51 വയസ്സുകാരിയായ അനു ബാംഗളൂരുവിലാണ് ഇപ്പോൾ ജീവിക്കുന്നത്.
Content Highlights: Anu Aggarwal Maniratnam's Thiruda Thiruda actress who lost memory in accident 20 years ago, is making a comeback with web series
Content Highlights: